മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കം പിഴച്ചുവെങ്കിലും മികച്ച സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ലിയാം – ജിതേഷ് എന്നിവരുടെ മികവുറ്റ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് കിംഗ്സിനെ 214/3 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്.
പ്രഭ്സിമ്രാന്‍ സിംഗിനെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം ശിഖര്‍ ധവാനും(30) മാത്യു ഷോര്‍ട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടിയപ്പോള്‍ പിയൂഷ് ചൗള ധവാനെ പുറത്താക്കുകയായിരുന്നു.
ലിവിംഗ്സ്റ്റണും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് 33 റൺസ് നേടിയപ്പോള്‍ 27 റൺസ് നേടിയ ഷോര്‍ട്ടും പിയൂഷ് ചൗളയുടെ ഇരയായി മടങ്ങി. 11.2 ഓവറിൽ 95/3 എന്ന നിലയിലായിരുന്ന പഞ്ചാബിനെ പിന്നീട് ലിവിംഗ്സ്റ്റൺ – ജിതേഷ് ശര്‍മ്മ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.
ലിയാം ലിവിംഗ്റ്റണും ജിതേഷ് ശര്‍മ്മയും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബ് 15 ഓവറിൽ 145/3 എന്ന നിലയിലേക്ക് എത്തി. തുടര്‍ന്നും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്ത കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ജോഫ്ര എറിഞ്ഞ 19ാം ഓവറിൽ മൂന്ന് സിക്സുകളാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്. ഓവറിൽ നിന്ന് 27 റൺസ് വന്നപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 200 കടന്നു.
ആകാശ് മാധ്വാൽ എറിഞ്ഞ അവസാന ഓവറിൽ വലിയ സ്കോര്‍ നേടുവാന്‍ പഞ്ചാബിനായില്ലെങ്കിലും 9 റൺസ് പിറന്നപ്പോള്‍ പഞ്ചാബ് 214/3 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ലിവിംഗ്സ്റ്റൺ – ജിതേഷ് കൂട്ടുകെട്ട് നേടിയത്.
ലിയാം 42 പന്തിൽ 82 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 27 പന്തിൽ 49 റൺസ് നേടി.