ലിയാം ലിവിംഗ്സ്റ്റൺ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ 214 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് നേടാനായത് 198 റൺസ് മാത്രം. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് പോയി. ടൂര്‍ണ്ണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ഡൽഹി അവസാന സ്ഥാനത്ത് നിന്ന് മോചനം നേടി ഇന്നത്തെ വിജയത്തോടെ. ലിവിംഗ്സ്റ്റണിന് പുറമെ അഥര്‍വ ടൈഡേ മാത്രമാണ് റൺസ് കണ്ടെത്തിയ പഞ്ചാബ് താരം. എന്നാൽ താരത്തിന് ഇന്നിംഗ്സിന് വേഗത നൽകുവാന്‍ കഴിയാതെ പോയത് തിരിച്ചടിയായി. 15 റൺസ് വിജയം ആണ് ഡൽഹി ഇന്ന് സ്വന്തമാക്കിയത്.
ഖലീല്‍ അഹമ്മദ് ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞപ്പോള്‍ അടുത്ത ഓവറിൽ ശിഖര്‍ ധവാന്‍ നേരിട്ട ആദ്യ പന്തിൽ പുറത്തായി. പ്രഭ്സിമ്രാന്‍ സിംഗും അഥര്‍വ ടൈഡേയും ചേര്‍ന്ന് 50 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയതെങ്കിലും 22 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗിനെ അക്സര്‍ പട്ടേൽ വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തു.
മൂന്നാം വിക്കറ്റിൽ ടൈഡേ – ലിയാം ലിവംഗ്സ്റ്റൺ കൂട്ടുകെട്ട് പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ 14 ഓവറിൽ ടീം 117/2 എന്ന നിലയിലായിരുന്നു. അവസാന 36 പന്തിൽ 97 റൺസായിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 128ൽ നിൽക്കുമ്പോള്‍ അഥര്‍വ ടൈഡേ റിട്ടേര്‍ഡ് ഔട്ട് ആകുകയായിരുന്നു. 42 പന്തിൽ 55 റൺസായിരുന്നു ടൈഡേ നേടിയത്. എന്നാൽ പകരം വന്ന ജിതേഷ് ശര്‍മ്മ സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ തിരികെ മടങ്ങിയപ്പോള്‍ പഞ്ചാബിന് കാര്യങ്ങള്‍ പ്രയാസമായി മാറി.
ലിയാം ലിവിംഗ്സ്റ്റൺ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും പഞ്ചാബിന്റെ ലക്ഷ്യം ആ സമയത്തേക്ക് കടുപ്പമായി മാറിയിരുന്നു. അവസാന മൂന്നോവറിൽ 59 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ മുകേഷ് കുമാറിനെ ലിയാം ലിവിംഗ്സ്റ്റണും രണ്ടും സാം കറനും ഒരു സിക്സര്‍ നേടിയപ്പോള്‍ രണ്ടോവറിൽ നിന്ന് ലക്ഷ്യം 38 റൺസാക്കി കുറയ്ക്കുവാന്‍ പഞ്ചാബിനായി.
21 റൺസാണ് മുകേഷ് കുമാര്‍ എറിഞ്ഞ ഓവറിൽ നിന്ന് വന്നത്. ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് സാം കറന്‍ ബൗണ്ടറി പറത്തിയപ്പോള്‍ രണ്ടാം പന്തിൽ താരത്തെ പുറത്താക്കി നോര്‍ക്കിയ തിരിച്ചടിച്ചു. 5 പന്തിൽ 11 റൺസാണ് കറന്‍ നേടിയത്. തൊട്ടടുത്ത പന്തിൽ ഹര്‍പ്രീത് ബ്രാര്‍ റണ്ണൗട്ടായപ്പോള്‍ പഞ്ചാബിന് 7ാം വിക്കറ്റ് നഷ്ടമായി.
ഓവറിൽ നിന്ന് നോര്‍ക്കിയ 5 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 33 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഇഷാന്ത് ശര്‍മ്മ ലിവിംഗ്സ്റ്റണിനെ ബീറ്റണാക്കിയപ്പോള്‍ പഞ്ചാബ് വിജയം കൈവിട്ടിരുന്നു. അടുത്ത രണ്ട് പന്തുകളിൽ താരം ഒരു സിക്സും ഫോറും നേടിയപ്പോള്‍ നാലാം പന്തിൽ കാര്യങ്ങള്‍ വീണ്ടും മാറി മറിയുന്നതാണ് കണ്ടത്. ഇഷാന്ത് എറിഞ്ഞ പന്തിൽ സിക്സര്‍ പിറന്നപ്പോള്‍ അത് നോബോള്‍ കൂടിയായപ്പോള്‍ വിജയ ലക്ഷ്യം മൂന്ന് പന്തിൽ 16 റൺസായി മാറി.
എന്നാൽ അടുത്ത് രണ്ട് പന്തുകള്‍ റൺ വിട്ട് കൊടുക്കാതെ ഇഷാന്ത് എറിഞ്ഞപ്പോള്‍ ഡൽഹി വിജയം കൈവരിച്ചു. ഓവറിലെ അവസാന പന്തിൽ പുറത്താകുമ്പോള്‍ 48 പന്തിൽ 94 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്. പഞ്ചാബ് 198/8 എന്ന നിലയിൽ പൊരുതി വീണു.