മറ്റു ബൗളര്‍മാരെക്കാള്‍ ലെഗ് സ്പിന്നര്‍മാരുടെ ആവനാഴിയില്‍ വൈവിധ്യമാര്‍ന്ന ആയുധങ്ങളുണ്ടെന്ന് വ്യക്തമാക്കി ഐപിഎലില്‍ നിലവിലെ പര്‍പ്പിള്‍ ക്യാപ് നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യൂസുവേന്ദ്ര ചഹാല്‍. തന്റെ നേട്ടത്തിനു ശേഷം സംസാരിക്കവേയാണ് ഈ അഭിപ്രായം ചഹാല്‍ പങ്കുവെച്ചത്. ലെഗ് സ്പിന്നര്‍മാര്‍ക്ക് പിച്ചിന്റെ പ്രതലത്തില്‍ നിന്ന് കൂടുതല്‍ സ്പിന്‍ ലഭിയ്ക്കും. ഗൂഗ്ലിയും ടോപ് സ്പിന്നറും കൂടുതല്‍ തിരിയും.
ടി20യില്‍ ഏറ്റവും അധികം മികവ് പുലര്‍ത്തിയ ബൗളര്‍മാരെല്ലാം സ്പിന്നര്‍മാരാണ്, അതില്‍ തന്നെ ഏറിയ പങ്കം ലെഗ്സ്പിന്നര്‍മാരാണ് എന്നത് ചഹാല്‍ പറഞ്ഞതിന്റെ ഒരു സാക്ഷ്യ പത്രമായി വേണമെങ്കിലും കണക്കാക്കാക്കാം. ഐപിഎല്‍ ബൗളര്‍മാരുടെ പട്ടികയിലും ഇപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സ്പിന്നര്‍മാരാണ്.
പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ചഹാല്‍ എന്നാല്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയില്‍ തളരാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി. 10 മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്, ദുഃഖിച്ചിരിക്കാതെ ആ മത്സരങ്ങള്‍ ജയിക്കുകയാണ് ടീമെന്ന നിലയില്‍ ആര്‍സിബി ചെയ്യേണ്ടതെന്നും താരം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം കൈവിടാതെ നില്‍ക്കുന്ന എന്നതാണ് ഏറ്റവും പ്രധാനമെന്നും ചഹാല്‍ വ്യക്തമാക്കി.