ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ തീരുമാനങ്ങൾ തെറ്റായി പോയെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിന്റെ 19ആം ഓവറിൽ സ്പിന്നർ വരുൺ ചക്രവർത്തിയെ കൊണ്ട് ബൗൾ ചെയ്യിച്ചതും ശരിയായില്ലെന്നും ഗംഭീർ പറഞ്ഞു.
ടീമിലെ ഏറ്റവും മികച്ച ബൗളറായിരിക്കണം 18, 19, 20 ഓവറുകൾ എറിയേണ്ടതെന്നും പാറ്റ് കമ്മിൻസ്, സുനിൽ നരേൻ എന്നിവർക്ക് ബൗൾ ചെയ്യാമായിരുന്നെന്നും ഗംഭീർ പറഞ്ഞു. വരുൺ ചക്രവർത്തി തന്റെ ആദ്യ ഓവറുകൾ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും എന്നാൽ യുവ ബൗളറായ വരുൺ ചക്രവർത്തിയെ ഷാർജയിലെ ഗ്രൗണ്ടിൽ അവസാന ഓവർ പന്തെറിയിച്ചത് ദിനേശ് കാർത്തികിന്റെ തെറ്റായ തീരുമാനം ആയിരുന്നെന്നും ഗംഭീർ പറഞ്ഞു. കൂടാതെ കൊൽക്കത്ത ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ദിനേശ് കാർത്തികിന് മുൻപ് മോർഗനും റസ്സലും രാഹുൽ തൃപാതിയും ബാറ്റ് ചെയ്യണമെന്നും ഗൗതം ഗംഭീർ പറഞ്ഞു.
മോർഗൻ നാലാം സ്ഥാനത്തും റസ്സൽ അഞ്ചാം സ്ഥാനത്തും ദിനേശ് കാർത്തിക് ആറാം സ്ഥാനത്തും ബാറ്റ് ചെയ്യണമെന്നും ഗംഭീർ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 18 റൺസിന് തോറ്റിരുന്നു. തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തികിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു.