മുംബൈ ഇന്ത്യന്‍സിനെതിരെ റണ്ണടിച്ച് കൂട്ടി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബി 221 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ക്യാപ്റ്റന്‍ രജത് പടിദാറും വിരാട് കോഹ്‍ലിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ദേവ്ദത്ത് പടിക്കലും ജിതേഷ് ശര്‍മ്മയും അതിവേഗ സ്കോറിംഗ് നടത്തിയതും ആര്‍സിബിയെ 200 കടക്കുവാന്‍ സഹായിച്ചു.
ഫിൽ സാള്‍ട്ടിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയ ശേഷം മികച്ച കൂട്ടുകെട്ടാണ് വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 73/1 എന്ന നിലയിലായിരുന്നു ആര്‍സിബി.
വിഗ്നേഷ് പുത്തൂരിനെ സിക്സര്‍ പറത്തി 29 പന്തിൽ നിന്ന് വിരാട് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ 91 റൺസ് കൂട്ടുകെട്ട് തകര്‍ത്തത് വിഗ്നേഷ് പുത്തൂര്‍ തിരിച്ചടിച്ചു. 22 പന്തിൽ 37 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെയാണ് മലയാളി താരം പുറത്താക്കിയത്.
രജത് പടിദാറും വിരാട് കോഹ്‍ലിയും മൂന്നാം വിക്കറ്റിൽ 48 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ വിരാടിനെയാണ് ആര്‍സിബിയ്ക്ക് അടുത്തതായി നഷ്ടമായത്. 42 പന്തിൽ 67 റൺസ് നേടിയ താരത്തിനെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.
അതേ ഓവറിൽ തന്നെ ലിയാം ലിവിംഗ്സ്റ്റണിനെയും പുറത്താക്കി ഹാര്‍ദ്ദിക് ആര്‍സിബിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. എന്നാൽ ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രജത് പടിദാറും ഒപ്പം നിര്‍ണ്ണായക സംഭാവനയുമായി ജിതേഷ് ശര്‍മ്മയും എത്തിയപ്പോള്‍ ആര്‍സിബി റണ്ണടിച്ച് കൂട്ടുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് ** റൺസാണ് ** പന്തിൽ നിന്ന് നേടിയത്.
പരിക്ക് മാറി ഐപിഎലിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറിൽ വെറും ആറ് സിംഗിള്‍സ് മാത്രം വിട്ട് നൽകി ബുംറ തന്റെ മികവ് പുലര്‍ത്തി. 19ാം ഓവറിൽ ട്രെന്റ് ബോള്‍ട്ടിനെ ജിതേഷ് ശര്‍മ്മ രണ്ട് സിക്സുകള്‍ക്ക് പായിപ്പിച്ചപ്പോള്‍ അതേ ഓവറിൽ രജത് പടിദാറിന്റെ വിക്കറ്റ് ബോള്‍ട്ട് നേടി. 32 പന്തിൽ നിന്ന് 64 റൺസാണ് പടിദാര്‍ നേടിയത്.
19 പന്തിൽ നിന്ന് 40 റൺസ് നേടിയ ജിതേഷ് ശര്‍മ്മ പുറത്താകാതെ നിന്നപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ആര്‍സിബി നേടിയത്.