ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ 162 റൺസിൽ ഒതുങ്ങി സൺറൈസേഴ്സ്. റൺസ് കണ്ടെത്തുവാന്‍ സൺറൈസേഴ്സ് ബാറ്റിംഗ് നിര കഷ്ടപ്പെട്ടപ്പോള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നേടിയ വലിയ ഷോട്ടുകളാണ് സൺറൈസേഴ്സിന് പൊരുതാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.
ടോപ് ഓര്‍ഡറിൽ അഭിഷേക് ശര്‍മ്മയും ഇന്നിംഗ്സിന്റെ അവസാനത്തോടെ ക്ലാസ്സനും അനികേത് വര്‍മ്മയും അതിവേഗ സ്കോറിംഗ് നടത്തിയാണ് സൺറൈസേഴ്സിനെ 162 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശര്‍മ്മ മികച്ച ബാറ്റിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. റൺസ് കണ്ടെത്തൽ പ്രയാസമായിരുന്നുവെങ്കിലും പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 46 റൺസാണ് സൺറൈസേഴ്സ് നേടിയത്. 7.3 ഓവറിൽ അഭിഷേക് ശര്‍മ്മയെ നഷ്ടമാകുമ്പോള്‍ 59 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. ശര്‍മ്മ 28 പന്തിൽ 40 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.
തൊട്ടടുത്ത ഓവറിൽ ഇഷാന്‍ കിഷനെ സൺറൈസേഴ്സിന് നഷ്ടമായി. വിൽ ജാക്സിനായിരുന്നു വിക്കറ്റ്. 29 പന്തിൽ 28 റൺസ് നേടിയ ട്രാവിസ് ഹെഡിനെ നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 82/3 എന്ന നിലയിലായിരുന്നു. ഹെഡിന്റെ വിക്കറ്റും ജാക്സ് ആണ് നേടിയത്.
15 ഓവര്‍ പിന്നിടുമ്പോള്‍ 105 റൺസ് മാത്രമാണ് സൺറൈസേഴ്സ് നേടിയത്. 17ാം ഓവറിൽ നിതീഷ് കുമാര്‍ റെഡ്ഡിയെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയതോടെ സൺറൈസേഴ്സിന് നാലാം വിക്കറ്റ് നഷ്ടമായി. 21 പന്തിൽ നിന്ന് 19 റൺസാണ് നിതീഷ് റെഡ്ഡി നേടിയത്.
18ാം ഓവറിൽ ഹെയിൻറിച്ച് ക്ലാസ്സന്‍ ദീപക് ചഹാറിനെ കടന്നാക്രമിച്ചതാണ് സൺറൈസേഴ്സിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. ഓവറി. നിന്ന് രണ്ട് സിക്സും രണ്ട് ഫോറും അടക്കം 21 റൺസാണ് ക്ലാസ്സന്‍ നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ ക്ലാസ്സനെ പുറത്താക്കി. 28 പന്തിൽ നിന്ന് 37 റൺസാണ് ക്ലാസ്സന്‍ നേടിയത്.
മത്സരത്തിന്റെ അവസാന ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ 22 റൺസ് വഴങ്ങിയപ്പോള്‍ സൺറൈസേഴ്സ് 162/5 എന്ന സ്കോറിലേക്ക് എത്തി. അനികേത് വര്‍മ്മ രണ്ട് സിക്സും പാറ്റ് കമ്മിന്‍സ് ഒരു സിക്സും നേടിയാണ് സൺറൈസേഴ്സ് സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തിൽ 150 പോലും ടീം കടക്കില്ലെന്നാണ് കരുതിയത്. അനികേത് വര്‍മ്മ 8 പന്തിൽ 18 റൺസ് നേടി.