ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 159 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്നത്തെ മത്സരത്തിൽ കൈൽ മയേഴ്സ് – കെഎൽ രാഹുല്‍ നേടിയ ഒന്നാം വിക്കറ്റിൽ 53 റൺസിന് ശേഷം വിക്കറ്റുകളുമായി പഞ്ചാബ് കിംഗ്സ് മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും അവസാന ഓവറുകളിൽ മാര്‍ക്കസ് സ്റ്റോയിനിസും രാഹുലും ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് പ്രകടനം ടീമിനെ 159 റൺസിലേക്ക് എത്തിച്ചു.
29 റൺസ് നേടിയ മയേഴ്സിനെയും 2 റൺസ് നേടിയ ദീപക് ഹൂഡയെയും നഷ്ടമായി 62/2 എന്ന നിലയിൽ നിന്ന് 48 റൺസ് കൂട്ടുകെട്ടുമായി രാഹുലും ക്രുണാലും ലക്നൗവിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് റബാഡ 18 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയെ പുറത്താക്കിയത്.
അടുത്ത പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ നിക്കോളസ് പൂരനെയും റബാഡ പുറത്താക്കിയപ്പോള്‍ ലക്നൗ 111/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. 20 പന്തിൽ 31 റൺസ് നേടിയ രാഹുല്‍ – സ്റ്റോയിനിസ്(15) കൂട്ടുകെട്ടിനെ സാം കറനാണ് തകര്‍ത്തത്.
56 പന്തിൽ നിന്ന് 74 റൺസ് നേടിയ രാഹുല്‍ 19ാം ഓവറിൽ അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നൽകി മടങ്ങി. അവസാന ഓവറിൽ രണ്ട് വിക്കറ്റുള്‍പ്പെടെ സാം കറന്‍ മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. 8 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 159 റൺസാണ് നേടിയത്.