കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നൽകിയ 201 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിയ്ക്ക് 21 റൺസ് തോൽവി. ബാറ്റിംഗിൽ കോഹ്‍ലി മാത്രം തിളങ്ങിയപ്പോള്‍ ആര്‍സിബിയ്ക്ക് 179 റൺസ് മാത്രമേ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.
വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മിന്നും തുടക്കം ടീമിനെ നൽകിയെങ്കിലും 7 പന്തിൽ 17 റൺസ് നേടിയ ഫാഫിനെ പുറത്താക്കി സുയാഷ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 2.2 ഓവറിൽ ഈ കട്ടുകെട്ട് 31 റൺസാണ് നേടിയത്.
കോഹ്‍ലി മികവ് തുടര്‍ന്നപ്പോള്‍ തന്റെ അടുത്ത ഓവറിൽ സുയാഷ് ശര്‍മ്മ ഷഹ്ബാസ് അഹമ്മദിനെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഗ്ലെന്‍ മാക്സ്വെല്ലിനെ വരുൺ ചക്രവര്‍ത്തി വീഴ്ത്തിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 58/3 എന്ന നിലയിലേക്ക് ആര്‍സിബി വീണു.
18 പന്തിൽ 34 റൺസ് നേടി ലോംറോറും 37 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്‍ലിയും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ആര്‍സിബിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 4ാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 113/3 എന്ന നിലയിൽ നിന്ന് 115/5 എന്ന നിലയിലേക്ക് ആര്‍സിബി പ്രതിരോധത്തിലാകുകയായിരുന്നു.
ദിനേശ് കാര്‍ത്തിക് ഒരു വശത്ത് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ മൂന്നോവറിലെ ആര്‍സിബിയുടെ ലക്ഷ്യം 48 റൺസായിരുന്നു. 18 പന്തിൽ 22 റൺസ് നേടിയ ദിനേശ് കാര്‍ത്തിക്കിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ താരം തന്റെ മൂന്നാമത്തെ വിക്കറ്റാണ് നേടിയത്. ഓവറിൽ നിന്ന് വെറും 4 റൺസ് വന്നപ്പോള്‍ 12 പന്തിൽ 44 എന്ന ശ്രമകരമായ ലക്ഷ്യം ആയിരുന്നു ബാംഗ്ലൂരിന് മുന്നിൽ.
കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുയാഷ് ശര്‍മ്മയും ആന്‍ഡ്രേ റസ്സലും രണ്ട് വീതം വിക്കറ്റ് നേടി.