61/5 എന്ന നിലയില്‍ വീണ ശേഷം 185/8 എന്ന മികച്ച സ്കോറിലേക്ക് കൊല്‍ക്കത്ത നീങ്ങിയെങ്കിലും ഡല്‍ഹിയുടെ യുവനിര അവസാന ഓവറില്‍ മത്സരം കൈവിട്ട് ടൈയില്‍ മാത്രമേ എത്തിക്കുവാനായുള്ളു. ജയത്തിലേക്ക് നീങ്ങുകയായിരുന്നു ഡല്‍ഹിയ്ക്ക് 19ാം ഓവറില്‍ പൃഥ്വി ഷായെ നഷ്ടമായതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്. അവസാന ഓവറില്‍ 6 റണ്‍സ് മാത്രമായിരുന്നു ഡല്‍ഹി നേടേണ്ടത്. അതേ സമയം കുല്‍ദീപ് യാദവ് വെറും അഞ്ച് റണ്‍സ് വിട്ട് നല്‍കി നിര്‍ണ്ണായ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. 6 വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്.
ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി പൃഥ്വി ഷായാണ്(99) ഡല്‍ഹിയുടെ ബാറ്റിംഗിനെ നയിച്ചത്. ശിഖര്‍ ധവാന്‍ വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും പിയൂഷ് ചൗളയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 8 പന്തില്‍ നിന്ന് 16 റണ്‍സാണ് ധവാന്റെ സംഭാവന.
27/1 എന്ന സ്കോറില്‍ ഷായ്ക്കൊപ്പം എത്തിയ ശ്രേയസ്സ് അയ്യരും അടിച്ച് തകര്‍ത്തപ്പോള്‍ 12 ഓവറില്‍ 116 റണ്‍സിലേക്ക് ഡല്‍ഹി കുതിച്ചു. 89 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 32 പന്തില്‍ 43 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ മികച്ചൊരു ക്യാച്ചിലൂടെയാണ് ശുഭ്മന്‍ ഗില്‍ പുറത്താക്കിയത്. ആന്‍ഡ്രേ റസ്സലിനാണ് വിക്കറ്റ്.
എന്നാല്‍ തന്റെ ആക്രമണ ബാറ്റിംഗിനു അവസാനം കുറിയ്ക്കാതെ പൃഥ്വി ഷാ വീണ്ടും ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം അവസാന നാലോവറില്‍ വെറും 34 റണ്‍സായി മാറി. പ്രസിദ്ധ കൃഷ്ണയുടെ അടുത്തോവറില്‍ 16 റണ്‍സ് നേടി ലക്ഷ്യം 18 പന്തില്‍ 18 ആക്കിയ ഡല്‍ഹിയ്ക്കായി. കുല്‍ദീപ് യാദവ് എറിഞ്ഞ 18ാം ഓവറില്‍ റണ്ണെടുക്കുവാന്‍ ബുദ്ധിമുട്ടിയ ഋഷഭ് പന്ത് കൂറ്റനടിയ്ക്ക് ശ്രമിച്ച് പുറത്തായി.
അടുത്ത പന്തില്‍ ഒരു ശ്രമകരമായ റിട്ടേണ്‍ ക്യാച്ച് കുല്‍ദീപ് യാദവ് കൈവിട്ടപ്പോള്‍ പൃഥ്വി ഷായ്ക്ക് ഒരവസരം കൂടി ലഭിച്ചു. വെറും മൂന്ന് റണ്‍സാണ് ഓവറില്‍ നിന്ന് പിറന്നത്. അടുത്ത ഓവറില്‍ പൃഥ്വി ഷായുടെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമായി. ശതകത്തിനു ഒരു റണ്‍സ് അകലെയാണ് താരം പുറത്തായത്. 55 പന്തില്‍ നിന്ന് 99 റണ്‍സാണ് പൃഥ്വിയുടെ സ്കോര്‍.
പൃഥ്വി പുറത്തായ ശേഷം നിര്‍ണ്ണായകമായ ബൗണ്ടറി നേടി കോളിന്‍ ഇന്‍ഗ്രാം അവസാന ഓവറിലെ ലക്ഷ്യം 6 റണ്‍സാക്കി കുറച്ചുവെങ്കിലും ലക്ഷ്യം മറികടക്കുന്നതില്‍ ഇന്‍ഗ്രാമും ഹനുമ വിഹാരിയും ഉള്‍പ്പെട്ട താരങ്ങള്‍ക്ക് പിഴച്ചു.