ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും 47 പന്തുകളാണ് ഈ റണ്‍സ് നേടുവാന്‍ താരം നേരിട്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ജസ്പ്രീത് ബുംറയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചതോടെ കൊല്‍ക്കത്തയുടെ ഏഴ് വിക്കറ്റുകളാണ് നിലംപതിച്ചത്.
ക്രിസ് ലിന്‍ 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടി കൊല്‍ക്കത്തയെ മിന്നും തുടക്കത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയും ലസിത് മലിംഗയും. ഓപ്പണര്‍മാരെ ഇരുവരെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ലസിത് മലിംഗയായിരുന്നു.
ഒന്നാം വിക്കറ്റില്‍ പവര്‍പ്ലേയില്‍ 49 റണ്‍സ് ലിന്‍-ഗില്‍ കൂട്ടുകെട്ട് നേടിയതിനു ശേഷമാണ് കൊല്‍ക്കത്തയുടെ പതനം. പവര്‍പ്ലേയ്ക്ക് ശേഷം ആദ്യ പന്തില്‍ തന്നെ ഗില്ലിനെ(9) ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് ലിന്നിനെയും പാണ്ഡ്യ മടക്കി. പിന്നീട് ദിനേശ് കാര്‍ത്തിക്കിനെയും ആന്‍ഡ്രേ റസ്സലിനെയും മലിംഗ് തന്റെ ഓവറിലെ തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കുകയായിരുന്നു. ആന്‍ഡ്രേ റസ്സല്‍ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു.
49/0 എന്ന നിലയില്‍ നിന്ന് 73/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ അഞ്ചാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും നിതീഷ് റാണയുടെ കൂടിയാണ് തിരിച്ചുവരുവാനുള്ള അവസരം നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ട് 47 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മലിംഗ വീണ്ടും കൂട്ടുകെട്ട് തകര്‍ത്തത്. 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണയെയാണ് മലിംഗ പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടിയത്. റാണ മൂന്ന് സിക്സാണ് നേടിയത്.
അഞ്ചാം വിക്കറ്റ് വീണ ശേഷം വെറും 13 റണ്‍സ് കൂടി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. 47 പന്തില്‍ നിന്ന് 3 സിക്സുകളുടെ സഹായത്തോടെ റോബിന്‍ ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും താരം ഏറെ പ്രയാസപ്പെട്ടാണ് തന്റെ റണ്ണുകള്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മലിംഗ മൂന്നും ജസ്പ്രീത് ബുംറ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.