ഐപിഎല്‍ ഫൈനലില്‍ സൺറൈസേഴ്സ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന് നേടാനായത് 113 റൺസ് മാത്രമാണ്. 18.3 ഓവറിലാണ് സൺറൈസേഴ്സ് ഓള്‍ഔട്ട് ആയത്.
ആദ്യ ഓവറിൽ തന്നെ അഭിഷേക് ശര്‍മ്മയെയും രണ്ടാം ഓവറിൽ ട്രാവിസ് ഹെഡിനെയും നഷ്ടമായ സൺറൈസേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ രാഹുല്‍ ത്രിപാഠിയെയും നഷ്ടമായി. കൃത്യമായ ഇടവേളകളിൽ സൺറൈസേഴ്സിന്റെ വിക്കറ്റ് വീഴ്ത്തി കൊൽക്കത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ആന്‍ഡ്രേ റസ്സൽ മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. വൈഭവ് അറോറയും വരുൺ ചക്രവര്‍ത്തിയും സുനിൽ നരൈനും ഓരോ വിക്കറ്റാണ് നേടിയത്.
ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയി ടീമിനെ നൂറ് കടത്തുകയായിരുന്നു. താരത്തിന് സുനിൽ നരൈന്റെ ഓവറിൽ മിച്ചൽ സ്റ്റാര്‍ക്ക് ക്യാച്ച് കൈവിട്ട് ജീവന്‍ദാനം നൽകിയിരുന്നു. 24 റൺസ് നേടിയ കമ്മിന്‍സിനെ റസ്സൽ പുറത്താക്കി സൺറൈസേഴ്സിനെ ഓള്‍ഔട്ട് ആക്കിയത്.
എയ്ഡന്‍ മാര്‍ക്രം 20 റൺസ് നേടിയപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സന്‍ 16 റൺസും നിതീഷ് റെഡ്ഡി 13 റൺസും നേടി പുറത്തായി.