Varunnarine

18 റൺസ് വിജയം, കൊൽക്കത്ത പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം

മുംബൈയ്ക്കെതിരെയുള്ള 18 റൺസ് വിജയത്തോടെ ഐപിഎൽ 2024ന്റെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവറിൽ ജയിക്കാന്‍ 22 റൺസ് നേടേണ്ട നില വരെ മുംബൈ എത്തിയെങ്കിലും അത് വരെ വലിയ ഷോട്ടുകള്‍ പായിക്കുകയായിരുന്ന നമന്‍ ദിറിനെയും തിലക് വര്‍മ്മയെയും പുറത്താക്കി ഹര്‍ഷിത് റാണ മുംബൈ പ്രതീക്ഷകളെ അസ്തമിപ്പിച്ചു. അവസാന ഓവറിൽ വെറും 3 റൺസ് മാത്രം മുംബൈ നേടിയപ്പോള്‍ ടീമിന്റെ ഇന്നിംഗ്സ് 139/8 എന്ന നിലയിൽ അവസാനിച്ചു. മഴ കാരണം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 157/7 എന്ന സ്കോറാണ് നേടിയത്.

ഓപ്പണര്‍മാരായ രോഹിത്തും ഇഷാനും കരുതലോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇഷാന്‍ റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു. 6 ഓവര്‍ അവസാനിക്കുമ്പോള്‍ 62/0 എന്ന നിലയിലായിരുന്നു മുംബൈ. ഏഴാം ഓവര്‍ എറിയാനെത്തിയ സുനിൽ നരൈന്‍ കൊൽക്കത്തയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നൽകിയപ്പോള്‍ 22 പന്തിൽ 40 റൺസ് നേടിയ ഇഷാന്‍ കിഷനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്.

19 റൺസ് നേടിയ രോഹിത് ശര്‍മ്മയെ പുറത്താക്കി വരുൺ ചക്രവര്‍ത്തി മുംബൈയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു. 24 പന്താണ് രോഹിത് ഈ സ്കോര്‍ നേടുവാന്‍ നേരിട്ടത്. ആന്‍ഡ്രേ റസ്സൽ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയപ്പോള്‍ മുംബൈ 87/3 എന്ന നിലയിലായി. അവസാന 5 ഓവറിൽ 70 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക്കിനെയാണ് അടുത്തതായി മുംബൈയ്ക്ക് നഷ്ടമായത്. വിക്കറ്റ് നേടിയത് വരുൺ ചക്രവര്‍ത്തിയും. റസ്സൽ ടിം ഡേവിഡിനെ പുറത്താക്കിയപ്പോള്‍ മുംബൈയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി.

ഹര്‍ഷിത് റാണ എറിഞ്ഞ 14ാം ഓവറിൽ തിലക് വര്‍മ്മ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ മുംബൈ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. ഓവറിലെ അവസാന പന്തിൽ നെഹാൽ വദേര റണ്ണൗട്ടായപ്പോള്‍ സ്ട്രൈക്ക് തിലക് വര്‍മ്മയ്ക്കൊപ്പം നിന്നു. അവസാന രണ്ടോവറിൽ വിജയത്തിനായി മുംബൈ 41 റൺസായിരുന്നു നേടേണ്ടിയിരുന്നത്. റസ്സലിനെ രണ്ട് സിക്സുകള്‍ക്കും ഒരു ബൗണ്ടറിയും നേടി നമന്‍ ദിര്‍ മത്സരത്തിൽ മുംബൈ പ്രതീക്ഷകളുയര്‍ത്തി.

അവസാന ഓവറിൽ 22 റൺസ് വേണ്ട മുംബൈയ്ക്ക് എന്നാൽ ആദ്യ പന്തിൽ ദിറിനെ നഷ്ടമായി. 6 പന്തിൽ 17 റൺസായിരുന്നു ദിര്‍ നേടിയത്.  17 പന്തിൽ 32 റൺസ് നേടിയ തിലക് വര്‍മ്മയെയും ഹര്‍ഷിത് റാണ പുറത്താക്കിയപ്പോള്‍ മുംബൈയുടെ തോൽവി ഉറപ്പായി. ഓവറിൽ നിന്ന് വെറും 3 റൺസ് മാത്രം വന്നപ്പോള്‍ 18 റൺസ് വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫിലേക്ക് കടന്നു. മുംബൈ ആകട്ടേ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

 

 

Exit mobile version