അജിങ്ക്യ രഹാനെയും സുനിൽ നരൈനും നൽകിയ മിന്നും തുടക്കത്തിന് ശേഷം കൊൽക്കത്തയെ 174/8 എന്ന സ്കോറിലൊതുക്കി ആര്‍സിബി. ക്രുണാൽ പാണ്ഡ്യയുടെ മൂന്ന് പ്രഹരങ്ങളാണ് വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു കെകെആര്‍ കുതിപ്പിന് ഒരു പരിധി വരെ തടയിടുവാന്‍ ബെംഗളൂരുവിനെ സഹായിച്ചത്. 107/1 എന്ന നിലയിൽ നിന്ന് 125/4 എന്ന നിലയിലേക്ക് വീണ കൊൽക്കത്തയെ 174 റൺസിലേക്ക് എത്തിച്ചത് അംഗ്കൃഷ് രഘുവംശിയുടെ ബാറ്റിംഗ് ആണ്.
ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിന്റെ ക്യാച്ച് സുയാഷ് ശര്‍മ്മ കൈവിട്ടുവെങ്കിലും അതേ ഓവറിൽ ഹാസൽവുഡ് താരത്തെ ജിതേഷ് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട് അജിങ്ക്യ രഹാനെ – സുനിൽ നരൈന്‍ കൂട്ടുകെട്ട് കൊൽക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്.
രഹാനെ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയപ്പോള്‍ കൊൽക്കത്ത പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 60/1 എന്ന നിലയിലായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം അജിങ്ക്യ രഹാനെ 25 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ സുനിൽ നരൈനും വമ്പന്‍ അടികളുമായി റൺറേറ്റ് ഉയര്‍ത്തി. 10 ഓവര്‍ പിന്നിടുമ്പോള്‍ 107 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത്. 26 പന്തിൽ 44 റൺസ് നേടിയ സുനിൽ നരൈനെ ആണ് കൊൽക്കത്തയ്ക്ക് രണ്ടാമതായി നഷ്ടമായത്. രഹാനെ – നരൈന്‍ കൂട്ടുകെട്ട് 103 റൺസാണ് നേടിയത്.
എന്നാൽ ക്രുണാൽ പാണ്ഡ്യ തൊട്ടടുത്ത ഓവറിൽ അജിങ്ക്യ രഹാനെയെയും തന്റെ സ്പെല്ലിലെ അടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരെയും പുറത്താക്കിയപ്പോള്‍ കൊൽക്കത്ത 125/4 എന്ന നിലയിലേക്ക് വീണു. 31 പന്തിൽ 56 റൺസാണ് രഹാനെ നേടിയത്.
ഈ തിരിച്ചടിയിൽ നിന്ന് അംഗ്കൃഷ് രഘുവംശിയും റിങ്കുവും കൊൽക്കത്തയെ കരകയറ്റുന്ന ഘട്ടത്തിലാണ് ക്രുണാൽ പാണ്ഡ്യ തന്റെ മൂന്നാം വിക്കറ്റുമായി കൂട്ടുകെട്ട് തകര്‍ത്തത്. 20 റൺസാണ് ഈ സഖ്യം നേടിയത്. ക്രുണാൽ തന്റെ 4 ഓവറിൽ 29 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റ് നേടി.
തൊട്ടടുത്ത ഓവറിൽ സുയാഷ് ശര്‍മ്മ ആന്‍ഡ്രേ റസ്സലിനെ പുറത്താക്കിയതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലായി. 22 പന്തിൽ 30 റൺസ് നേടിയ അംഗ്കൃഷ് രഘുവംശിയുടെ വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 168/7 എന്ന നിലയിലായിരുന്നു.
8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് കൊൽക്കത്ത നേടിയപ്പോള്‍ ക്രുണാലിനെ പുറമെ 2 വിക്കറ്റുമായി ഹാസൽവുഡും ആര്‍സിബി ബൗളിംഗിൽ തിളങ്ങി.