ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് അനായാസമായ വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ അവിശ്വസനീയ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത. 18 പന്തില്‍ 22 റണ്‍സെന്ന നിലയില്‍ നിന്ന് നിക്കോളസ് പൂരനെയും രാഹുലിനെയും ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്മാരെ പുറത്താക്കി സുനില്‍ നരൈനും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ വലിയ ഷോട്ടുകള്‍ പിറക്കാതിരുന്നപ്പോള്‍ ലക്ഷ്യം 3 പന്തില്‍ എട്ടും 1 പന്തില്‍ ഏഴുമായി മാറി. ഗ്ലെന്‍ മാക്സ്വെല്‍ അടിച്ച പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ സിക്സ് പോകാതിരുന്നപ്പോള്‍ മത്സരം 2 റണ്‍സിന് കൊല്‍ക്കത്ത സ്വന്തമാക്കി.
115/0 എന്ന നിലയില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഈ മത്സരം കൈവിട്ടത്. 20 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്.
രണ്ടാം ഓവറില്‍ ലോകേഷ് രാഹുല്‍ നല്‍കിയ ക്യാച്ച് ആന്‍ഡ്രേ റസ്സല്‍ കൈവിട്ടത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് പഞ്ചാബ് ഓപ്പണര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന്‍ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സ് നേടി.
42 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ലോകേഷ് രാഹുല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മയാംഗ് അഗര്‍വാളും അതേ ഓവറില്‍ 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 52 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 10 വിക്കറ്റും.
15ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 115 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയ ശേഷമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ കൊല്‍ക്കത്തയ്ക്കായത്. 39 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ മയാംഗ് ആണ് പുറത്തായത്. ശുഭ്മന്‍ ഗില്‍ ക്യാച്ച് പൂര്‍ത്തിയാക്കി.
17 പന്തില്‍ 21 റണ്‍സ് ജയിക്കുവാന്‍ വേണ്ട സമയത്ത് വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ നിക്കോളസ് പൂരന്റെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. 10 പന്തില്‍ 16 റണ്‍സ് നേടിയ താരത്തെ സുനില്‍ നരൈന്‍ ആണ് പുറത്താക്കിയത്. രണ്ട് റണ്‍സ് മാത്രമാണ് സുനില്‍ നരൈന്‍ തന്റെ ഓവറില്‍ വിട്ട് നല്‍കിയത്.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ട് നല്‍കിയ താരം പ്രഭ്സിമ്രാന്‍ സിംഗിനെയും ക്യാപ്റ്റന്‍ ലോകേഷ് രാഹുലിനെയും നഷ്ടപ്പെടുകയായിരുന്നു. 58 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ 19ാം ഓവറിന്റെ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. ഇതോടെ പഞ്ചാബ് വലിയ സമ്മര്‍ദ്ദത്തിലായി.
ഗ്ലെന്‍ മാക്സ്വെല്‍ അവസാന പന്തില്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുവാനായി സിക്സിന് ശ്രമിച്ചുവെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് ബൗണ്ടറി ലൈനിനുള്ളില്‍ വീണപ്പോള്‍ പഞ്ചാബിന്റെ ആ പ്രതീക്ഷയും അവസാനിച്ചു. തന്റെ അവസാന ഓവറിലെ രണ്ട് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മത്സരത്തില്‍ നിന്ന് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും സുനില്‍ നരൈന്‍ രണ്ട് വിക്കറ്റും നേടുകയായിരുന്നു.