16 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തിൽ കൊൽക്കത്തയ്ക്ക് മുംബൈയ്ക്കെതിരെ നേടാനായത് 157 റൺസ്. വെങ്കിടേഷ് അയ്യര്‍ 42 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നിതീഷ് റാണ, ആന്‍ഡ്രേ റസ്സൽ, റിങ്കു സിംഗ് എന്നിവരാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.
ഫിൽ സാള്‍ട്ട് സിക്സര്‍ നേടി തുടങ്ങിയെങ്കിലും ആദ്യ ഓവറിൽ തന്നെ നുവാന്‍ തുഷാര താരത്തെ പുറത്താക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ സുനിൽ നരൈന്‍ ഗോള്‍ഡന്‍ ഡക്ക് ആയതോടെ കൊൽക്കത്ത 10/2 എന്ന നിലയിലായി. ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ കൊൽക്കത്ത 40/3 എന്ന നിലയിലായിരുന്നു.
21 പന്തിൽ 42 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ ആണ് അടുത്തതായി കൊൽക്കത്തയ്ക്ക് നഷ്ടമായത്. 77/4 എന്ന നിലയിലായിരുന്നു വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ കൊൽക്കത്ത. അഞ്ചാം വിക്കറ്റിൽ ആന്‍ഡ്രേ റസ്സലും നിതീഷ് റാണയും അടിച്ച് തകര്‍ത്തപ്പോള്‍ ഈ കൂട്ടുകെട്ട് 39 റൺസാണ് നേടിയത്. 23 പന്തിൽ 33 റൺസ് നേടിയ റാണ റണ്ണൗട്ടായി പുറത്തായപ്പോള്‍ തൊട്ടടുത്ത ഓവറിൽ 14 പന്തിൽ 24 റൺസ് നേടിയ റസ്സലിനെ ചൗള പുറത്താക്കി.
അവസാന ഓവറിൽ 12 പന്തിൽ 20 റൺസ് നേടിയ റിങ്കുവിനെ ബുംറ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചപ്പോള്‍ കൊൽക്കത്തയ്ക്ക് 7ാം വിക്കറ്റ് നഷ്ടമായി. രമൺദീപ് സിംഗ് 8 പന്തിൽ 17 റൺസ് നേടിയപ്പോള്‍ കെകെആര്‍ 157/7 എന്ന സ്കോര്‍ നേടി.