സൺറൈസേഴ്സ് ഹൈദെരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആവേശ ജയം. കിങ്സ് ഇലവൻ ഉയർത്തിയ ചെറിയ സ്കോർ മറികടക്കുന്നതിൽ സൺറൈസേഴ്സ് പരാജയപ്പെടുകയായിരുന്നു. 12 റൺസിനായിരുന്നു കിങ്സ് ഇലവൻ പഞ്ചാബ് ജയം സ്വന്തമാക്കിയത്. കിങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 127 റൺസ് പിന്തുടർന്ന് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 1 പന്ത് ബാക്കി നിൽക്കെ 114 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു.
127 റൺസ് ലക്ഷ്യം വെച്ച് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാർണറും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ സൺറൈസേഴ്സ് സ്കോർ ഉയരുന്നത് തടയാൻ കിങ്സ് ഇലവൻ പഞ്ചാബിനായി. വാർണർ 20 പന്തിൽ 35 റൺസും ബെയർസ്റ്റോ 19 റൺസുമാണ് എടുത്തത്. തുടർന്ന് 15 റൺസ് എടുത്ത മനീഷ് പാണ്ഡെയും പുറത്തായതോടെ സൺറൈസേഴ്സ് സ്കോർ ഉയർത്താൻ പാടുപെട്ടു.
തുടർന്ന് ക്രീസിൽ എത്തിയ വിജയ് ശങ്കർ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ താരത്തിനായില്ല. വിജയ് ശങ്കർ 26 റൺസ് എടുത്താണ് പുറത്തായത്. അവസാന 14 പന്തുകളിൽ ആറ് സൺറൈസേഴ്സ് വിക്കറ്റുകൾ വീഴ്ത്താനും കിങ്സ് ഇലവൻ പഞ്ചാബിനായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് എടുത്തത്. 32 റൺസ് എടുത്ത പൂരനും 27 റൺസ് കെ.എൽ രാഹുലുമാണ് കിങ്സ് ഇലവൻ സ്കോറിന് മാന്യത നൽകിയത്.