ഷോര്‍ട്ട് റണ്ണിനെതിരെ അപ്പീലുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ്

Sports Correspondent

അമ്പയര്‍ നിതിന്‍ മേനോന്റെ തെറ്റായ രീതിയിലുള്ള ഷോര്‍ട്ട് റണ്ണിനെതിരെ മാച്ച് റഫറിയ്ക്ക് അപ്പീല്‍ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ഇരു ടീമുകളും ടൈയായപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വരികയായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ പറയുന്നത് ഇത്തരം തെറ്റുകള്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കുമെന്നാണ്.

ഐപിഎല്‍ പോലുള്ള ലോകോത്തര ടൂര്‍ണ്ണമെന്റില്‍ ഇത്തരം തെറ്റുകള്‍ അനുവദനീയമല്ലെന്നും സതീഷ് മേനോന്‍ പറഞ്ഞു. മത്സരത്തില്‍ പഞ്ചാബ് ഇന്നിംഗ്സിലെ 19ാം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. മയാംഗും ക്രിസ് ജോര്‍ദ്ദനും ചേര്‍ന്ന് ഒരു ഡബിള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിതിന്‍ മേനോന്‍ ആദ്യത്തെ റണ്‍ ഷോര്‍ട്ട് ആണെന്ന് വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ റീപ്ലേകളില്‍ അതല്ല കാര്യമെന്നായിരുന്നു തെളിയിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുകയും മത്സരം കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിടുകയും ചെയ്തു. ടെക്നോളജി കൊണ്ടുവന്നിട്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണ് പ്രത്യേക ഗുണം എന്നാണ് കിംഗ്സ് ഇലവന്‍ സഹ ഉടമ പ്രീതി സിന്റയുടെ ചോദ്യം.