അവസാന ഓവറിൽ എട്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 4 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സിന് അവിശ്വസനീയ തോല്‍വി. രാജസ്ഥാന്‍ യുവതാരം കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺസ് മാത്രമാണ് ത്യാഗി വിട്ട് നല്‍കിയത്.
രാജസ്ഥാന്‍ നല്‍കിയ 186 റൺസ് വിജയ ലക്ഷ്യത്തെ പഞ്ചാബ് കിംഗ്സ് അനായാസം മറികടക്കുമെന്നാണ് 19ാം ഓവര്‍ വരെ ഏവരും കരുതിയത്. കെഎൽ രാഹുലിന്റെ ക്യാച്ചുകള്‍ മൂന്ന് തവണ രാജസ്ഥാന്‍ ഫീൽഡര്‍മാര്‍ കൈവിട്ടപ്പോള്‍ മയാംഗും രാഹുലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഇരുവരും ഇന്നിംഗ്സ് പകുതി കഴിഞ്ഞപ്പോള്‍ പുറത്തായെങ്കിലും ജയത്തിലേക്ക് പഞ്ചാബിനെ പൂരനും മാര്‍ക്രവും നയിക്കുമെന്നാണ് തോന്നിപ്പിച്ചത്.
120 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം ആണ് കെഎൽ രാഹുല്‍ – മയാംഗ് അഗര്‍വാള്‍ കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ രാജസ്ഥാന് സാധിച്ചത്. 33 പന്തിൽ 49 റൺസാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായി അധികം വൈകാതെ 43 പന്തിൽ 67 റൺസ് നേടി മയാംഗും പുറത്തായി.
പിന്നീട് എയ്ഡന്‍ മാര്‍ക്രം – നിക്കോളസ് പൂരന്‍ കൂട്ടുകെട്ട് പഞ്ചാബിന്റെ വിജയം അനായാസമാക്കുകയായിരുന്നു. 57 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റിൽ നേടിയത്. അവസാന ഓവറിൽ കാര്‍ത്തിക് ത്യാഗി നിക്കോളസ് പൂരനെയും ദീപക് ഹൂഡയെയും പുറത്താക്കി കളി മാറ്റുകയായിരുന്നു.
പൂരന്‍ 32 റൺസ് നേടി പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 26 റൺസുമായി പുറത്താകാതെ നിന്നു.