ബോസ് മോഡ് ഓണാക്കി ജോസ്!!! ഗുജറാത്തിന് 8 വിക്കറ്റ് വിജയം

Sports Correspondent

Josbuttler

ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ആര്‍സിബി നൽകിയ 170 റൺസ് വിജയ ലക്ഷ്യം 17.5 ഓവറിൽ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. 2 വിക്കറ്റ് നഷ്ടത്തിൽ ടീം 13 പന്ത് ബാക്കി നിൽക്കെയാണ് ചേസിംഗ് പൂര്‍ത്തിയാക്കിയത്.

14 പന്തിൽ 14 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. 32 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 42 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് നേടിയത്. സായി സുദര്‍ശന്‍ – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടുകെട്ട് നേടിയപ്പോള്‍ 36 പന്തിൽ 49 റൺസ് നേടിയ സായി സുദര്‍ശന്റെ വിക്കറ്റ് ജോഷ് ഹാസൽവുഡ് നേടി.

Saisudarshan

15ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ലിയാം ലിവിംഗ്സ്റ്റണിനെ ഒരു ബൗണ്ടറിയ്ക്കും സിക്സിനും പറത്തി ജോസ് ബട്‍ലര്‍ 31 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 134/2 എന്ന നിലയിലായിരുന്നു ഗുജറാത്ത് ആ ഘട്ടത്തിൽ.

ബട്‍ലറും റൂഥര്‍ഫോര്‍ഡും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 63 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ജോഷ് ഹാസൽവുഡ് എറിഞ്ഞ 18ാം ഓവറിൽ മൂന്ന് സിക്സുകള്‍ നേടി ജോസ് ടീമനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ താരം 39 പന്തിൽ നിന്ന് 73 റൺസാണ് നേടിയത്. ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തിൽ 30 റൺസും നേടി പുറത്താകാതെ നിന്നു.