ജോഫ്ര ആര്‍ച്ചര്‍ തന്റെ കഴിവ് പരമാവധി എടുത്ത് പൊരുതിയെങ്കിലും കിംഗ്സ് ഇലവന് പഞ്ചാബ് തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ നേടിയ 182 റണ്‍സ് എന്ന സ്കോറിന്റെ ആത്മവിശ്വാസം പഞ്ചാബിനു ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ സ്വന്തമാക്കുവാനായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ വെറും 15 റണ്‍സിനു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും രാജസ്ഥാന്റെ ബൗളിംഗിന്റെ താളം തെറ്റിച്ചത് മൂന്ന് ഓവറുകളാണ്.
ഇന്നിംഗ്സിലെ 14, 15, 20 ഓവറുകളില്‍ നിന്ന് ടീം വഴങ്ങിയ 57 റണ്‍സാണ് രാജസ്ഥാന്റെ തോല്‍വിയുടെ ഒരു കാരണം. പതിവു പോലെ ബാറ്റിംഗ് ഓര്‍ഡര്‍ തകരുന്നതാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണമെങ്കിലും ബൗളിംഗിലെ ഈ മൂന്നോവറുകളില്‍ വഴങ്ങിയ റണ്ണുകള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു.
മത്സരത്തിലെ രണ്ടാം ടൈം ഔട്ടിലേക്ക് ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് പോകുമ്പോള്‍ സ്കോര്‍ 13 ഓവറില്‍ 97/2 എന്ന നിലയിലായിരുന്നു ടീം. ലോകേഷ് രാഹുലും ഡേവിഡ് മില്ലറും ക്രീസില്‍ ഏറെ നേരമായെങ്കിലും വലിയ ഷോട്ടുകള്‍ നേടുവാനാകാതെ പതറുകയായിരുന്നു അപ്പോള്‍. ഇഷ് സോധി തന്റെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 3 ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയിരുന്നത്.
രണ്ട് സിക്സ് ഉള്‍പ്പെടെ 18 റണ്‍സാണ് ആ ഓവറില്‍ നിന്ന് രാജസ്ഥാനെതിരെ പഞ്ചാബ് നേടിയത്. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 15ാം ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം 20 റണ്‍സ് മില്ലറും രാഹുലും ചേര്‍ന്ന് നേടി. രണ്ടോവറില്‍ നിന്ന് 39 റണ്‍സുമായി പഞ്ചാബ് 136/2 എന്ന നിലയിലേക്ക് കുതിച്ചു.
പിന്നീട് ജോഫ്ര ആര്‍ച്ചര്‍ മികച്ച ബൗളിംഗുമായി മത്സരത്തിലേക്ക് രാജസ്ഥാനെ തിരികെ എത്തിക്കുമ്പോള്‍ 19 ഓവറുകള്‍ക്ക് ശേഷം കിംഗ്സ് ഇലവന് പഞ്ചാബ് 164/5 എന്ന നിലയിലായിരുന്നു. ധവാല്‍ കുല്‍ക്കര്‍ണ്ണി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായെങ്കിലും അടുത്ത 5 പന്തുകളില്‍ നിന്ന് പഞ്ചാബ് 18 റണ്‍സാണ് നേടിയത്. രണ്ട് സിക്സും ഒരു ഫോറും സഹിതം അശ്വിന് നാല് പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ മത്സരത്തിന്റെ ഗതി ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ പഞ്ചാബ് പക്ഷത്തേക്ക് മാറ്റിയിരുന്നു.