യശസ്വി ജൈസ്വാളിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ച് ധ്രുവ് ജുറെൽ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട്. 20 പന്തിൽ നിന്ന് 47 റൺസ് നേടിയ ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്താണ് രാജസ്ഥാനെ 202/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.
യശസ്വി ജൈസ്വാള്‍ – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് മിന്നും തുടക്കം രാജസ്ഥാന് നൽകിയപ്പോള്‍ യശസ്വി ജൈസ്വാള്‍ ആയിരുന്നു കൂട്ടത്തിൽ അപകടകാരിയായത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64 റൺസാണ് രാജസ്ഥാന്‍ നേടിയത്.
ജൈസ്വാള്‍ 26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 21 പന്തിൽ 27 റൺസ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത്. 86 റൺസായിരുന്നു രാജസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.
പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 100 റൺസാണ് നേടിയത്. പിന്നീടുള്ള ഓവറുകളിൽ റൺറേറ്റിന് തടയിടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചപ്പോള്‍ 14ാം ഓവറിൽ സഞ്ജുവിനെയും(17) ജൈസ്വാളിനെയും പുറത്താക്കി തുഷാര്‍ ദേശ്പാണ്ടേ ഇരട്ട പ്രഹരം രാജസ്ഥാനെ ഏല്പിച്ചു. 43 പന്തിൽ 77 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.
തീക്ഷണ ഷിമ്രൺ ഹെറ്റ്മ്യറെ പുറത്താക്കിയതോടെ 125/1 എന്ന നിലയിൽ നിന്ന് 146/4 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. താളംതെറ്റി ആടിയുലഞ്ഞ രാജസ്ഥാനെ അഞ്ചാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലും ചേര്‍ന്ന് 47 റൺസ് നേടിയാണ് രാജസ്ഥാനെ 202 റൺസിലേക്ക് എത്തിച്ചത്.
ജുറെൽ 15 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ 27 റൺസ് നേടി.