യശസ്വി ജൈസ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിംഗുണ്ടായിട്ടും മറ്റു താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാതിരുന്നുവെങ്കിലും ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച് ജൈസ്വാള്‍. ജൈസ്വാള്‍ 62 പന്തിൽ 124 റൺസ് നേടിയപ്പോള്‍ ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ എക്സ്ട്രാസ് ഇനത്തിൽ വന്ന 25 റൺസ് ആണ്. 212/7 എന്ന സ്കോറാണ് രാജസ്ഥാന്‍ മുംബൈയ്ക്കെതിരെ എടുത്തത്.
ബട്‍ലര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ജൈസ്വാള്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നതാണ് കണ്ടത്. തന്റെ മികച്ച ഫോം തുടര്‍ന്ന താരത്തിന്റെ മികവിൽ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65 റൺസാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്. 18 റൺസ് മാത്രം നേടിയ ബട്‍ലര്‍ പുറത്താകുമ്പോള്‍ 7.1 ഓവറിൽ 72 റൺസായിരുന്നു രാജസ്ഥാന്‍ നേടിയത്.
14 റൺസ് നേടിയ സഞ്ജുവിനെ അര്‍ഷദ് ഖാനും 2 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ ചൗളയും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 103/3 എന്ന നിലയിലായി. എന്നാൽ ജൈസ്വാള്‍ ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.
നാലാം വിക്കറ്റിൽ ജൈസ്വാളും ജേസൺ ഹോള്‍ഡറും ചേര്‍ന്ന് 20 പന്തിൽ നിന്ന് 40 റൺസാണ് നേടിയത്. ഇതിൽ 11 റൺസാണ് ഹോള്‍ഡറുടെ സംഭാവന. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ആ ഓവറിൽ ഹെറ്റ്മ്യറിന് ഒരു റൺ പോലും എടുക്കാനും സാധിക്കാതെ പോയപ്പോള്‍ 15 ഓവറിൽ രാജസ്ഥാന്‍ 143/4 എന്ന നിലയിലായിരുന്നു.
അര്‍ഷദ് ഖാനെ സിക്സര്‍ പറത്തിയ ഹെറ്റ്മ്യറെ തൊട്ടടുത്ത പന്തിൽ പുറത്താക്കി താരം മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 8 റൺസാണ് 9 പന്തിൽ നിന്ന് ഹെറ്റ്മ്യര്‍ നേടിയത്. ഓവറിലെ അവസാന പന്തിൽ അര്‍ഷദിനെ സിക്സര്‍ പറത്തി യശസ്വി 90കളിലേക്ക് കടന്നു.
53 പന്തിൽ നിന്ന് ജൈസ്വാള്‍ തന്റെ ശതകം തികയ്ക്കുകയായിരുന്നു. ജോഫ്രയെ അടുത്ത ഓവറിൽ രണ്ട് സിക്സുകള്‍ക്ക് പറത്തി ജൈസ്വാള്‍ രാജസ്ഥാനെ ഇരുനൂറ് റൺസിന് അടുത്തേക്ക് എത്തിച്ചു. അവസാന ഓവറിൽ 62 പന്തിൽ 124 റൺസ് നേടിയ ജൈസ്വാള്‍ മടങ്ങിയപ്പോള്‍ അര്‍ഷദ് ഖാന്‍ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി.