ഐഎസ്എല്ലിൽ പത്തോളം മത്സരങ്ങളിൽ വിജയമറിയാതെ നീങ്ങിയ നോർത്ത് ഈസ്റ്റ് ഒടുവിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്തിയപ്പോൾ തിലകക്കുറി ചാർത്തി കൊണ്ട് എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ. പാർത്ഥിബും ഫാൽഗുനിയും അഷീറും കുറിച്ച മനോഹരമായ ഗോളുകൾക്ക് മുന്നിൽ മറുപടി ഇല്ലാതെ വന്നപ്പോൾ, ചെന്നൈയിന് സീസണിലെ രണ്ടാം മത്സരത്തിലും പോയിന്റ് കണ്ടെത്താൻ ആയില്ല. നോർത്ത് ഈസ്റ്റ് ആവട്ടെ മറക്കാൻ ആഗ്രഹിക്കുന്ന കഴിഞ്ഞ സീസണിൽ നിന്നും തങ്ങൾ കരകയറി എന്ന കൃത്യമായ സൂചനയും നൽകി. ജയത്തോടെ നാലാം സ്ഥാനത്താണ് നിലവിൽ നോർത്ത് ഈസ്റ്റ്.
നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ലഭിച്ചത്. എന്നാൽ ലക്ഷ്യം കാണുന്നതിൽ ടീമുകൾ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരുന്നു. ആദ്യ നിമിഷങ്ങളിൽ ചെന്നൈ മുന്നേറ്റത്തിനെതിരെ നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നതും നിർണായകമായി. ക്രിവല്ലരോ പോസ്റ്റിന് തൊട്ടടുത്തു നിന്നായി ഉതിർത്ത ഷോട്ട് ഗോൾ ലൈൻ സേവിലൂടെയാണ് നോർത്ത് ഈസ്റ്റ് രക്ഷിച്ചെടുത്തത്. നെസ്റ്ററിന്റെ തകർപ്പൻ ഒരു ഷോട്ട് സാമിക് മിത്ര തടുത്തു. ക്രിവല്ലറോയുടെ മികച്ചൊരു ത്രൂ ബോൾ പിടിച്ചെടുത്ത് ഷീൽഡ്സ് തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ബോക്സിനുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ഫാറൂഖ് ചൗധരിക്ക് ലഭിച്ച സുവർണാവസരത്തിനും ഇതേ ഗതി ആയിരുന്നു. പാസുകൾ കോർത്തിണക്കി നോർത്ത് ഈസ്റ്റ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പാർത്ഥിബ് തൊടുത്ത ഷോട്ട് ചെന്നൈയിൻ പ്രതിരോധം തടുത്തു. ആകാശിന്റെ ക്രോസിൽ നിന്നും ബാറ്റോഷിയോ, ഫാറുഖ് എന്നിവർക്ക് ലഭിച്ച അവസരവും മുതലെടുക്കാൻ ആയില്ല. ഒടുവിൽ 43ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില പൂട്ട് പൊട്ടിച്ചു. പോസ്റ്റിന്റെ ഇടത് ഭാഗത്ത് ബോക്സിന് പുറത്തു നിന്നും പന്ത് ലഭിച്ച പാർത്ഥിബ് ഗോഗോയി തടയാൻ എത്തിയ എതിർ താരങ്ങളെ മറികടന്ന് കൃത്യമായി ലക്ഷ്യത്തിലേക്ക് ഉതിർത്ത തകർപ്പൻ ലോങ് റേഞ്ചറിലൂടെ തന്റെ പ്രതിഭ ഒരിക്കൽ കൂടി വെളിപ്പെടുത്തി. ഇതോടെ ആദ്യ പകുതി നോർത്ത് ഈസ്റ്റിന് ലീഡുമായി പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് ഉയർത്തി. ഇടത് കൗണ്ടറിലൂടെ എത്തിയ നീക്കത്തിൽ സബാക്കോയുടെ പാസ് സ്വീകരിച്ച് ഇടത് വിങ്ങിൽ നിന്നും നെസ്റ്റർ തൊടുത്ത ക്രോസ് ഫാൽഗുണി ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തി. എന്നാൽ ആദ്യ പകുതിയിലെ പോലെ തുടർച്ചയായ അവസരങ്ങൾ ഇരു ഭാഗത്തും പിന്നീട് പിറന്നില്ല. എതിർ താരങ്ങളെ ഒന്നൊന്നായി മറികടന്ന് മീതെയ് നടക്കിയ നീക്കവും ഗോൾ ആക്കാൻ സാധിക്കാതെ വന്നതോടെ ചെന്നൈയുടെ പ്രതീക്ഷകളും അവസാനിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ് ചെന്നൈയിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ബോക്സിനും വാരകൾ അകലെ നിന്ന് അഷീർ തൊടുത്ത ലോങ് റേഞ്ചർ വലയിൽ പതിച്ചപ്പോൾ ആരാധകർ പോലും അന്തിച്ചു നിന്നു.