ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞ 12 വർഷത്തെ പ്രീമിയർ ലീഗിനേക്കാൾ മികച്ചതാവുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയുടെ മൊത്തം മാനസികാവസ്ഥ മാറ്റുമെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ സെപ്റ്റംബർ 19 മുതൽ നവംബർ 8വരെ യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് അറിയിച്ചത്.
യു.എ.ഇ ഏതു താരത്തിലുള്ള ക്രിക്കറ്റ് നടത്താനും പറ്റിയ വേദിയാണെന്നും ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയുടെ മൊത്തം മാനസികാവസ്ഥ മാറ്റുമെന്നും ഗംഭീർ പറഞ്ഞു. ഈ ഐ.പി.എൽ ആര് വിജയിക്കുന്നു എന്നോ, അല്ലെങ്കിൽ ആര് റൺസ് എടുക്കുന്നു, ആര് വിക്കറ്റ് എടുക്കുന്നു എന്നൊന്നും പ്രാധാന്യം അർഹിക്കുന്നില്ലെന്നും ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും മികച്ച ഐ.പി.എൽ ആവും ഇതെന്നും ഗംഭീർ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിനായി കഴിഞ്ഞ 4 നാല് മാസമായി കാത്തിരിക്കുകയാണെന്നും ഐ.പി.എൽ നടക്കുമെന്ന വർത്തയേക്കാൾ മികച്ച വാർത്ത വേറെയില്ലെന്നും മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പറഞ്ഞു. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു.