വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിൽ പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങളും നിരോധിക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഐപിഎൽ ചെയർമാനോടും ബിസിസിഐയോടും ആവശ്യപ്പെട്ടു. ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമാലിന് അയച്ച കത്തിൽ, ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അതുൽ ഗോയൽ, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും ഇവൻ്റുകളിലും ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ഇനമായ ഐപിഎൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
പുകയില, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സാഹചര്യം കത്തിൽ സൂചിപ്പിക്കുന്നു. യുവതലമുറയ്ക്ക് കായികതാരങ്ങൾ മാതൃകയാകുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നിന്ന് കളിക്കാർ മാറി നിൽകണം എന്നും അഭ്യർത്ഥിച്ചു.