സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ശ്രമം

Staff Reporter

സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഐ.പി.എൽ നടത്താനുള്ള ശ്രമം നടത്തുന്നതായി ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേർണിംഗ് ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തിൽ ഐ.സി.സി തീരുമാനം എടുത്താൽ മാത്രമേ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ കഴിയു എന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.

സെപ്റ്റംബർ – ഒക്ടോബർ മാസങ്ങങ്ങൾ മത്സരം നടത്താനായി ബി.സി.സി.ഐ മാറ്റിവെച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ സാഹചര്യം അനുകൂലമല്ലെങ്കിൽ വിദേശത്ത് വെച്ച് ടൂർണമെന്റ് നടത്താനും ഐ.പി.എൽ ഗവേർണിംഗ് ബോഡി തയ്യാറാണെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു. നേരത്തെ ശ്രീലങ്കയും യു.എ.ഇയും ഐ.പി.എൽ നടത്താൻ തയ്യാറായി രംഗത്തുവന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുകയാണെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെയാവും മത്സരങ്ങൾ നടക്കുകയെന്നും ബ്രിജേഷി പട്ടേൽ പറഞ്ഞു.

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് അവസാന തീരുമാനം അടുത്ത മാസം ഉണ്ടാവുമെന്ന് ഐ.സി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.