ഐപിഎലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താനാകുമോ എന്ന് ബിസിസിഐ പരിശോധിക്കുന്നു

Sports Correspondent

29 മത്സരങ്ങളാണ് ഈ സീസണ്‍ ഐപിഎലില്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ ബയോ ബബിളില്‍ കൊറോണ വ്യാപിച്ചതോടെ ഐപിഎല്‍ തത്കാലം ഉപേക്ഷിക്കുവാന്‍ ഐസിസി നിര്‍ബന്ധിതരാകുകയായിരുന്നു. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്തുവാനുള്ള ശ്രമവുമായി ബിസിസിഐ മുന്നോട്ട് പോകുകയാണെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഇംഗ്ലണ്ട് ഇന്ത്യ പരമ്പര കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുമ്പുള്ള സമയത്ത് ഐപിഎല്‍ നടത്താനാകുമോ എന്നതാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് അറിയുന്നത്. ഐസിസിയുടെയും മറ്റു ബോര്‍ഡുകളുടെയും പ്ലാനുകള്‍ കൂടി നോക്കിയ ശേഷമാവും ഈ തീരുമാനം എന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും അറിയിച്ചത്.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇന്ത്യയാണ് ആതിഥേയരെങ്കിലും യുഎഇയെ സ്റ്റാന്‍ഡ്ബൈ വേദിയായി പരിഗണിക്കപ്പെടുന്നത്.