വിരാട് കോഹ്‍ലി ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്ലെഡ്ജ് ചെയ്യാത്തത് ഐപിഎല്‍ കരാര്‍ നഷ്ടമാകുമോയെന്ന ഭയത്താലാണെന്ന് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍. ഒരാളോട് നന്നായി പെരുമാറിയാല്‍ ലഭിയ്ക്കുന്നതല്ല ഐപിഎല്‍ ടീമിലെ സ്ഥാനം എന്ന് വിവിഎസ് ലക്ഷ്മണ്‍ ക്ലാര്‍ക്കിന്റെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.
ക്ലാര്‍ക്കിന്റെ ആ പരമാര്‍ശത്തോട് ഒരു തരത്തിലും തനിക്ക് യോജിക്കാനാകുന്നില്ലെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. കളിക്കാരന്റെ കഴിവ് നോക്കിയാണ് ഏത് ടീമും താരങ്ങള തിരഞ്ഞെടുക്കുന്നത്. കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്നത്, അല്ലാതെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.
ഇന്ത്യന്‍ താരത്തോട് സൗഹൃദം കാത്ത് സൂക്ഷിച്ചുവെന്ന് കരുതി ആര്‍ക്കും ഐപിഎല്‍ കരാര്‍ ലഭിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തില്‍ സണ്‍റൈസേഴ്സിന്റെ മെന്റര്‍ എന്ന നിലയില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ നോക്കുന്ന മാനദണ്ഡം ക്ലാര്‍ക്ക് പറഞ്ഞത് പോലെയല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തിയ താരങ്ങളെയും കഴിവുള്ള താരങ്ങളെയുമാണ് തങ്ങളെ പോലെ ഏത് ഫ്രാഞ്ചൈസിയും തിരഞ്ഞെടുക്കുക എന്ന് ലക്ഷ്മണ്‍ പറഞ്ഞു.