രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ ശതക മികവിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് വലിയ തകര്‍ച്ചയിൽ നിന്ന് 143 റൺസിലേക്ക് എത്തിയെങ്കിലും ഈ ലക്ഷ്യം മുംബൈയ്ക്ക് ഒരു വെല്ലുവിളിയായി മാറിയില്ല. 15.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഈ ലക്ഷ്യം മുംബൈ മറികടന്നത്.
റയാന്‍ റിക്കൽട്ടണിനെ വേഗത്തിൽ നഷ്ടമായെങ്കിലും തന്റെ മികച്ച ഫോം തുടര്‍ന്ന രോഹിത് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. താരത്തിന് കൂട്ടായി എത്തിയ വിൽ ജാക്സും റൺസ് കണ്ടെത്തിയപ്പോള്‍ മുംബൈയ്ക്കായി ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 64 റൺസാണ് നേടിയത്.
22 റൺസ് നേടിയ വിൽ ജാക്സിനെ പുറത്താക്കി സീഷന്‍ അന്‍സാരി ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ സമയം 35 പന്തിൽ നിന്ന് രോഹിത് ശര്‍മ്മ തന്റെ സീസണിലെ രണ്ടാം ഐപിഎൽ ഫിഫ്റ്റി നേടി.
രോഹിത്തും സൂര്യകുമാര്‍ യാദവും മൂന്നാം വിക്കറ്റിൽ 56 റൺസ് നേടി മുംബൈയെ വിജയത്തിനരികിലേക്ക് എത്തിച്ചു. 46 പന്തിൽ 70 റൺസ് നേടിയ രോഹിത്തിനെ ഇഷാന്‍ മലിംഗയാണ് പുറത്താക്കിയത്.
19 പന്തിൽ 40 റൺസ് നേടി സൂര്യകുമാര്‍ യാദവ് മുംബൈയെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ 15.4 ഓവര്‍ മാത്രമാണ് മുംബൈ ഇന്നിംഗ്സിൽ പന്തെറിയപ്പെട്ടത്.