കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 200 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സ് ഹൈദ്രാബാദിന് നേടാനായത് 120 റൺസ്. തുടര്‍ച്ചയായ മൂന്നാം പരാജയം സൺറൈസേഴ്സ് ഏറ്റുവാങ്ങിയപ്പോള്‍ കൊൽക്കത്ത വിജയ വഴിയിലേക്ക് തിരികെ എത്തി. സൺറൈസേഴ്സ് ഇന്നിംഗ്സ് 120 റൺസിൽ ഒതുങ്ങിയപ്പോള്‍ 80 റൺസ് വിജയം ആണ് കെകെആര്‍ നേടിയത്. 16.4 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.
മത്സരത്തിൽ വൈഭവ് അറോറയുടെ ബൗളിംഗ് മികവാണ് കൊൽക്കത്തയ്ക്ക് തുണയായത്. ട്രാവിസ് ഹെഡിനെ വൈഭവ് അറോറയും അഭിഷേക് ശര്‍മ്മയെ ഹര്‍ഷിത് റാണയും പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെ അറോറ മടക്കിയയ്ച്ചു. ഇതോടെ 9/3 എന്ന നിലയിലേക്ക് ഹൈദ്രാബാദ് വീണു.
നിതീഷ് കുമാര്‍ റെഡ്ഡിയെ റസ്സൽ വീഴ്ത്തിയപ്പോള്‍ 27 റൺസ് നേടിയ കമിന്‍ഡു മെന്‍ഡിസിനെ സുനി. നരൈന്‍ പുറത്താക്കി. 66/5 എന്ന നിലയിലേക്ക് വീണ സൺറൈസേഴ്സിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് 33 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സന്‍ ആണ്. അറോറയ്ക്ക് തന്നെയാണ് ക്ലാസ്സന്റെയും വിക്കറ്റ്.
അനികേത് വര്‍മ്മയ്ക്ക് പുറമെ പാറ്റ് കമ്മിന്‍സ്, സിമര്‍ജീത് സിംഗ് എന്നിവരുടെ വിക്കറ്റും വരുൺ ചക്രവര്‍ത്തി നേടിയപ്പോള്‍ സൺറൈസേഴ്സ് വലിയ തോൽവിയിലേക്ക് നീങ്ങി. അറോറയും വരുൺ ചക്രവര്‍ത്തിയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സൺറൈസേഴ്സിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്.