ഡെൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 4 റൺസിന്റെ വിജയം നേടി. 225 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 220/8 റൺസ് എടുക്കാനെ ആയുള്ളൂ. ക്യാപ്റ്റൻ ഗില്ലിനെ ഇന്ന് തുടക്കത്തിൽ 6 റൺസ് എടുത്തു നിൽക്കെ തന്നെ ഗുജറാത്തിന് നഷ്ടമായി. ഇതിനു ശേഷം സായ് സുദർശനും വൃദ്ധിമാൻ സാഹയും കൂടെ ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.
സാഹ 25 പന്തിൽ നിന്ന് 39 റൺസ് എടുത്തു. സായ് സുദർശൻ 39 പന്തിൽ 65 റൺസും എടുത്തു. എന്നാൽ മറ്റു മുൻനിര ബാറ്റർമാർ എല്ലാം പരാജയപ്പെട്ടു. അവസാനം മില്ലർ മാത്രമായി ഗുജറാത്തിന്റെ പ്രതീക്ഷ. അവസാന 4 ഓവറിൽ ഗുജറാത്തിന് 73 റൺസ് വേണമായിരുന്നു.
നോർട്ടിയ എറിഞ്ഞ 17ആം ഓവറിൽ മില്ലർ 24 റൺസ് അടിച്ചു. ഇതോടെ 3 ഓവറിൽ 49 റൺസിലേക്ക് ടാർഗറ്റ് കുറഞ്ഞു. എന്നാൽ മില്ലർ അടുത്ത ഓവറിൽ മുകേഷ് കുമാറിന്റെ പന്തിൽ പുറത്തായി. 23 പന്തിൽ നിന്ന് 55 റൺസ് ആയിരുന്നു മില്ലർ ആകെ എടുത്തത്. അവസാന 2 ഓവറിൽ 37 റൺസ് ആണ് ഗുജറാത്തിന് വേണ്ടിയിരുന്നത്.
സായ് കിഷോറും റാഷിദ് ഖാനും ചേർന്ന് 19ആം ഓവറിൽ 18 റൺസ് അടിച്ചു. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 19 റൺസ്. റഷിദ് ഖാൻ സ്ട്രൈക്കിൽ മുകേഷ് പന്തുമായി. ആദ്യ പന്തിൽ റാഷിദ് ഫോർ അടിച്ചു. 5 പന്തിൽ 15. രണ്ടാം പന്തിലും ഫോർ. ജയിക്കാൻ 4 പന്തിൽ 11 റൺസ്. അടുത്ത പന്ത് ഡോട്ട്. 3 പന്തിൽ 11 റൺസ് എന്ന നിലയിൽ. അടുത്ത പന്തിലും റാഷിദ് സിംഗിൾ ഓടിയില്ല. 2 പന്തിൽ 11 റൺസ് എന്ന നിലയിൽ.
അഞ്ചാം പന്തിൽ ലോംഗ് ഓണിന് മുകളിലൂടെ റാഷിദിന്റെ സിക്സ്. അവസാനം ഒരു ബോളിൽ ജയിക്കാൻ 5. ലോ ഫുൾടോസ് ബൗണ്ടറയിൽ എത്തിക്കാൻ റാഷിദിനായില്ല. ഗുജറാത്തിന് നാലു റണ്ണിന്റെ തോൽവി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസ് ഗുജറാത്തിനെതിരെ 224/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയിരുന്നു. ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റബ്സ് 7 പന്തിൽ 26 റൺസാണ് നേടിയത്.
ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് പതിവു പോലെ അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങിയെങ്കിലും 14 പന്തിൽ 23 റൺസ് നേടിയ താരത്തെ സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. അതേ ഓവറിൽ പൃഥ്വി ഷായെ പുറത്താക്കിയ സന്ദീപ് തന്റെ അടുത്ത ഓവറിൽ ഷായി ഹോപിനെയും പുറത്താക്കി.
44/3 എന്ന നിലയിലേക്ക് വീണ ഡൽഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് നാലാം വിക്കറ്റിൽ ഒത്തുചേര്‍ന്ന അക്സര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു. മെല്ലെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ച ശേഷം റൺറേറ്റിന് വേഗം കൂട്ടിയപ്പോള്‍ 12ാം ഓവറിൽ ഡൽഹി നൂറ് കടന്നു. 37 പന്തിൽ നിന്ന് അക്സര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മോഹിത് ശര്‍മ്മയെ രണ്ട് സിക്സര്‍ പറത്തി ഋഷഭ് പന്ത് തന്റെ അര്‍ദ്ധ ശതകത്തിന് അടുത്തേക്കെത്തി. 16 ഓവര്‍ അവസാനിച്ചപ്പോള്‍ ഡൽഹി 143/3 എന്ന നിലയിലായിരുന്നു.
അടുത്ത ഓവറിൽ നൂര്‍ അഹമ്മദിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച ശേഷം ഹാട്രിക് സിക്സിന് ശ്രമിച്ച അക്സര്‍ പട്ടേൽ 43 പന്തിൽ 66 റൺസ് നേടി പുറത്താകുകയായിരുന്നു. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. ഋഷഭ് പന്ത് 34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. മോഹിത് ശര്‍മ്മയെ സിക്സര്‍ പറത്തിയാണ് ഋഷഭ് പന്ത് തന്റെ ഈ നേട്ടം കൈവരിച്ചത്.
19ാം ഓവറിൽ മത്സരത്തിൽ ആദ്യമായി സായി കിഷോറിനെ ബൗളിംഗ് ദൗത്യം ഏല്പിച്ച ഗില്ലിന്റെ തീരുമാനം പാളുന്നതാണ് പിന്നീട് കണ്ടത്. ഓവറിൽ നിന്ന് 2 ഫോറും 2 സിക്സും ട്രിസ്റ്റന്‍ സ്റ്റബ്സ് നേടിയപ്പോള്‍ ഡൽഹി 22 റൺസ് നേടി തങ്ങളുടെ സ്കോര്‍ 193 റൺസിലെത്തിച്ചു. അവസാന ഓവറിൽ 31 റൺസ് കൂടി വന്നപ്പോള്‍ ഡൽഹി 224/4 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
പന്ത് അവസാന ഓവറിൽ നാല് സിക്സും ഒരു ഫോറും നേടിയപ്പോള്‍ തന്റെ ഇന്നിംഗ്സിൽ 8 സിക്സുകളാണ് താരം നേടിയത്.