ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 38 റൺസ് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 224 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമേ നേടാനായുള്ളു. അഭിഷേക് ശര്‍മ്മ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നോക്കിയത്.
49 റൺസാണ് ട്രാവിസ് ഹെഡ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 16 പന്തിൽ 20 റൺസ് നേടിയ ഹെഡിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സൺറൈസേഴ്സ് 57/1 എന്ന നിലയിലായിരുന്നു.
സ്കോര്‍ 82ൽ നിൽക്കുമ്പോള്‍ സൺറൈസേഴ്സിന് ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടമായി. 28 പന്തിൽ നിന്ന് അഭിഷേക് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം തികച്ചു. ക്ലാസ്സനോടൊപ്പം അഭിഷേക് ശര്‍മ്മ 57 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 41 പന്തിൽ 74 റൺസ് നേടിയ അഭിഷേകിനെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി. 15 ഓവര്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 139/3 എന്ന നിലയിലായിരുന്നു.
തൊട്ടടുത്ത ഓവറിൽ ഹെയിന്‍റിച്ച് ക്ലാസ്സനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ മത്സരത്തിൽ ഗുജറാത്തിന് മേൽക്കൈ നൽകി. 18 പന്തിൽ നിന്ന് 23 റൺസായിരുന്നു ക്ലാസ്സന്‍ നേടിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 80 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.

അനികേത് വര്‍മ്മയെയും കമിന്‍ഡു മെന്‍ഡിസിനെയും പുറത്താക്കി മൊഹമ്മദ് സിറാജും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. നിതീഷ് റെഡ്ഡിയും പാറ്റ് കമ്മിന്‍സും ഏഴാം വിക്കറ്റിൽ നേടിയ 41 റൺസ് ടീമിന്റെ തോൽവി ഭാരം 38 റൺസായി കറയ്ക്കുവാന്‍ സഹായിച്ചു.
നിതീഷ് കുമാര്‍ റെഡ്ഡി 21 റൺസും പാറ്റ് കമ്മിന്‍സ് 19 റൺസും നേടി പുറത്താകാതെ നിന്നു.
 
					













