ഐപിഎല്‍ കോച്ചുമാരായി ഇന്ത്യക്കാരെ കൂടുതലായി പരിഗണിക്കേണ്ടതുണ്ടെന്നും ബോര്‍ഡ് അതിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണി. ഇന്ത്യന്‍ കോച്ചുമാര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിയ്ക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് താരം പറഞ്ഞു. വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാത്ത ബിസിസിഐ വിചാരിക്കുന്നത് ഈ ടി10-ടി20 ലീഗുകളില്‍ കളിച്ചാല്‍ താരങ്ങള്‍ മോശമാകുമെന്നാണെങ്കില്‍ അതേ നിലയില്‍ വിദേശ താരങ്ങളെ ഇവിടെ പങ്കെടുപ്പിക്കുന്നതും വിലക്കണമെന്നും ഐപിഎല്‍ അവസാനിപ്പിക്കണമെന്നും താരം പറഞ്ഞു.
സമാനമായ രീതിയില്‍ ഐപിഎലിന് പത്ത് ദിവസം മാത്രം എത്തുന്ന വിദേശ കോച്ചുമാരെയും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അനുവദിക്കരുതെന്ന് താരം അഭിപ്രായപ്പെട്ടു. പ്രാദേശിക താരങ്ങളെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ഈ വിദേശ കോച്ചുമാര്‍. അതിനും പകരം അവരെ കൂടുതല്‍ അറിയാവുന്ന പ്രാദേശിക കോച്ചുമാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഗോണി പറഞ്ഞു.
ഇന്ത്യയില്‍ ഒട്ടനവധി മികച്ച കോച്ചുമാരുണ്ടെന്നും ഐപിഎല്‍ ടീമുകളെ അവരാണ് ശരിക്കും പരിശീലിപ്പിക്കേണ്ടതെന്നും ഗോണി അഭിപ്രായപ്പെട്ടു.