ശുഭ്മന്‍ ഗില്ലിന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍. 9 വിക്കറ്റ് നഷ്ടത്തിൽ ടീം 188 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 101 റൺസ് നേടി തന്റെ മികച്ച ഫോം തുടര്‍ന്നു. ഗില്ലിന്റെ കന്നി ഐപിഎൽ ശതകമാണ് ഇന്നത്തേത്. ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ച ഗുജറാത്തിനെ 188/9 എന്ന സ്കോറിലൊതുക്കി മികച്ച തിരിച്ചുവരവാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍ നടത്തിയത്. അതിൽ 5 വിക്കറ്റ് നേട്ടവുമായി ഭുവിയാണ് മുന്നിൽ നിന്ന് നയിച്ചത്.
സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് വൃദ്ധിമന്‍ സാഹയുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ശുഭ്മന്‍ ഗിൽ – സായി സുദര്‍ശന്‍ കൂട്ടുകെട്ട് 147 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.
സായി സുദര്‍ശന്‍ 36 പന്തിൽ 47 റൺസ് നേടി പുറത്തായപ്പോള്‍ മാര്‍ക്കോ ജാന്‍സെന്‍ ആണ് വിക്കറ്റ് നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഭുവനേശ്വര്‍ കുമാറും ഡേവിഡ് മില്ലറെ ടി നടരാജനും പുറത്താക്കിയപ്പോള്‍ ഗിൽ തന്റെ ശതകം 56 പന്തിൽ പൂര്‍ത്തിയാക്കി. അതിവേഗ സ്കോറിംഗിന് പേരുകേട്ട രാഹുല്‍ തെവാത്തിയയും വേഗം മടങ്ങിയപ്പോള്‍ ഫസൽഹഖ് ഫറൂഖിയ്ക്ക് ആയിരുന്നു വിക്കറ്റ്.
അവസാന ഓവറിൽ ഭുവി ഗില്ലിനെ പുറത്താക്കിയപ്പോള്‍ 58 പന്തിൽ 101 റൺസ് ആണ് താരം നേടിയത്. തൊട്ടടുത്ത പന്തിൽ റഷീദ് ഖാനെയും പുറത്താക്കി ഭുവി ഹാട്രിക്കിനൊപ്പമെത്തി. അടുത്ത പന്തിൽ നൂര്‍ അഹമ്മദ് റണ്ണൗട്ടായപ്പോള്‍ ഭുവിയ്ക്ക് തന്റെ ഹാട്രിക്ക് നഷ്ടമായെങ്കിൽ ഗുജറാത്തിന് 8ാം വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ മൊഹമ്മദ് ഷമിയെയും പുറത്താക്കി താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു