തുടക്കം ഗിൽ, ഒടുക്കം റഷീദ്!!! ചെന്നൈ വീഴ്ത്തി ജയിച്ച് തുടങ്ങി ഐപിഎൽ ചാമ്പ്യന്മാര്‍

Sports Correspondent

Picsart 23 03 31 23 08 46 140

ഐപിഎൽ 2023ന്റെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലിന്റെ ഇന്നിംഗ്സിനൊപ്പം സായി സുദര്‍ശൻ, വൃദ്ധിമന്‍ സാഹ എന്നിവരുടെ സംഭാവനകളുൺ അവസാന ഓവറുകളില്‍ റഷീദ് ഖാന്റെ പ്രഹരവുമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിലാണ് ഗുജറാത്തിന്റെ വിജയം.

179 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് സാഹയും ഗില്ലും ചേര്‍ന്ന് 37 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. കെയിന്‍ വില്യംസൺ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇംപാക്ട് പ്ലേയറായി എത്തിയ സായി സുദര്‍ശനുമായി ഗിൽ 53 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 17 പന്തിൽ 22 റൺസായിരുന്നു സായി സുദര്‍ശന്‍ നേടിയത്.

chennai super kings

ഹാര്‍ദ്ദിക് പാണ്ഡ്യയെ വേഗത്തിൽ നഷ്ടമായ ഗുജറാത്തിനെ ഗിൽ ആണ് മുന്നോട്ട് നയിച്ചത്. ശുഭ്മന്‍ ഗിൽ 36 പന്തിൽ 63 റൺസ് നേടി പുറത്തായപ്പോള്‍ അതിന് ശേഷം ടീമിനെ വിജയ് ശങ്കര്‍ ആയിരുന്നു പ്രധാന റൺ സ്കോറ‍‍ർ. അവസാന മൂന്നോവറിൽ 30 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.

രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ എറിഞ്ഞ 18ാം ഓവറിൽ വിജയ് ശങ്കര്‍ ഒരു സിക്സ് പറത്തിയെങ്കിലും താരത്തിനെ അവസാന പന്തിൽ ഹംഗാര്‍ഗേക്കര്‍ പുറത്താക്കി. ഇതോടെ ഗുജറാത്തിന്റെ വിജയ ലക്ഷ്യം 12 പന്തിൽ 23 റൺസായി മാറി.

മത്സരത്തിൽ ചെന്നൈ പിടിമുറുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ദീപക് ചഹാര്‍‍ എറിഞ്ഞ 19ാം ഓവറിൽ 15 റൺസ് പിറന്നത്. റഷീദ് ഖാന്‍ ഒരു സിക്സും ഒരു ഫോറും താരത്തിനെതിരെ നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 8 റൺസ് മാത്രമായി.

റഷീദ് ഖാന്‍ 3 പന്തിൽ 10 റൺസ് നേടിയപ്പോള്‍ രാഹുല്‍ തെവാത്തിയ 15 റൺസുമായി നിര്‍ണ്ണായക സംഭാവന നൽകി.