പഞ്ചാബ് കിംഗ്സ് നൽകിയ 154 റൺസ് ചേസ് ചെയ്തിറങ്ങിയ ഗുജറാത്തിന് വിജയം നേടാനായത് ഒരു പന്ത് അവശേഷിക്കുമ്പോള്‍ മാത്രം. ഇന്ന് മറ്റൊരു ആവേശകരമായ ഐപിഎൽ മത്സരത്തിൽ ശുഭ്മന്‍ ഗിൽ 67 റൺസ് നേടിയെങ്കിലും താരം അവസാന ഓവറിൽ പുറത്തായത് ഗുജറാത്ത് ക്യാമ്പിൽ പരിഭ്രാന്തി പരത്തി. എന്നാൽ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിന്റെ വിജയം ഉറപ്പാക്കി.
സാഹയും ഗില്ലും ചേര്‍ന്ന് 48 റൺസാണ് 4.4 ഓവറിൽ നേടിയത്. 19 പന്തിൽ 30 റൺസ് നേടിയ സാഹ ആയിരുന്നു ബഹുഭൂരിപക്ഷം സ്കോറിംഗും മത്സരത്തിൽ നടത്തിയത്. താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.
രണ്ടാം വിക്കറ്റിൽ ഗിൽ 41 റൺസാണ് സായി സുദര്‍ശനനൊപ്പം നേടിയത്. 19 റൺസ് നേടിയ യുവതാരം അര്‍ഷ്ദീപിന് വിക്കറ്റ് നൽകി മടങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഗുജറാത്ത് 106/3 എന്ന നിലയിലായിരുന്നു.
ഗിൽ ഒരു വശത്ത് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഗുജറാത്തിന് അവസാന നാലോവറിൽ 34 റൺസായിരുന്നു വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ 17ാം ഓവറിൽ 9 റൺസും കാഗിസോ റബാഡ എറിഞ്ഞ 18ാം ഓവറിൽ ഗിൽ ഒരു സിക്സും ഫോറും നേടിയപ്പോള്‍ 12 റൺസും വന്നു. ഇതോടെ ഗുജറാത്തിന്റെ ലക്ഷ്യം 12 പന്തിൽ 13 മാത്രമായി മാറി.
അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ 6 റൺസ് മാത്രം വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം ഏഴ് റൺസായി മാറി. അവസാന ഓവറിലെ രണ്ടാം പന്തിൽ സാം കറന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും ആവേശകരമായി. 49 പന്തിൽ 67 റൺസായിരുന്നു ഗിൽ നേടിയത്.
അതിന് ശേഷം ലക്ഷ്യം 2 പന്തിൽ നാലായി മാറിയപ്പോള്‍ രാഹുല്‍ തെവാത്തിയ സാം കറനെ ബൗണ്ടറി പറത്തി ഒരു പന്ത് അവശേഷിക്കെ 6 വിക്കറ്റ് വിജയം കരസ്ഥമാക്കി.