സമയ മാറ്റം, ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പ്

Sports Correspondent

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയ സമയക്രമത്തിലെ മാറ്റത്തില്‍ അതൃപ്തിയുമായി ടീമുടമകള്‍. 4 മണി മത്സരങ്ങള്‍ വൈകി 5.30യ്ക്കും 8 മണി മത്സരം നേരത്തെ 7നു ആരംഭിക്കുമെന്നാണ് സ്റ്റാര്‍ ഇന്ത്യയുടെ ആവശ്യത്തിനു അനുകൂലമായി ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം എടുത്തത്. സ്റ്റാര്‍ കൂടുതല്‍ റേറ്റിംഗിനും ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ടീമുടമള്‍ക്ക് ഈ തീരുമാനത്തില്‍ വലിയ തൃപ്തി ഇല്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇത്തരം നിര്‍ണ്ണായകമായ തീരുമാനം തങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫ്രാഞ്ചൈസികളോട് കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നുമാണ് മൂന്നോളം വരുന്ന ഫ്രാഞ്ചൈസികള്‍ ചില മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഐപിഎല്‍ അധികാരികളോട് ചര്‍ച്ച ചെയ്യുമെന്നുമാണ് അവര്‍ അറിയിക്കുന്നത്.

എന്നാല്‍ ഐപിഎല്‍ തലവന്‍ രാജീവ് ശുക്ല പറയുന്നത് തീരുമാനം അന്തിമമായി എടുത്തിട്ടില്ലെന്നും ഔദ്യോഗിക ബ്രോഡ്കാസ്റ്ററുടെ നിര്‍ദ്ദേശം പരിഗണിക്കുക മാത്രം ചെയ്തുവെന്നുമാണ്. 8 മണി മത്സരങ്ങള്‍ നേരത്തെ ആക്കുന്നത് ആളുകള്‍ കൂടുതല്‍ മത്സരം കാണാനിടയാക്കുമെന്നാണ് സ്റ്റാറിന്റെ ഭാഷ്യം. വരും ദിവസങ്ങളില്‍ ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുത്ത് സ്റ്റാര്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനവുമായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial