തന്റെ ഐപിഎൽ കരിയർ 2019ൽ അവസാനിച്ചുവെന്നാണ് കരുതിയത് – മുഹമ്മദ് സിറാജ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 2019ലെ പ്രകടനത്തോടെ തന്റെ ഐപിഎൽ കരിയര്‍ അവസാനിച്ചുവെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് പേസര്‍ മുഹമ്മദ് സിറാജ്. ഇത്തവണ ഐപിഎലില്‍ ആര്‍സിബി നിലനിര്‍ത്തിയ താരമായി സിറാജ് മാറിയതോടെ താരം ആ മോശം സീസണിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫ്രാഞ്ചൈസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

2019 സീസണില്‍ തുടക്കത്തിലെ ആറ് മത്സരങ്ങള്‍ ആര്‍സിബി പരാജയപ്പെട്ടപ്പോള്‍ 9 മത്സരങ്ങളിൽ വെറും 7 വിക്കറ്റാണ് സിറാജ് നേടിയത്. കൊല്‍ക്കത്തയ്ക്കെതിരെയുള്ള ഒരു മത്സരത്തിൽ താരം 2.2 ഓവറിൽ 36 റൺസ് ആണ് വഴങ്ങിയത്.

താന്‍ കൊല്‍ക്കത്തയ്ക്കെതിരെ രണ്ട് ബീമറുകള്‍ എറിഞ്ഞപ്പോള്‍ ക്രിക്കറ്റ് മതിയാക്കി അച്ഛനോടൊപ്പം ഓട്ടോ ഓടിയ്ക്കാന്‍ പോകൂ എന്ന് പറഞ്ഞവരുണ്ട്. അത്തരം ഒട്ടനവധി കമന്റുകള്‍ താന്‍ കേട്ടു.

എന്നാൽ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി തന്നോട് പറഞ്ഞ വാക്കുകള്‍ തനിക്ക് വലിയ പ്രഛോദനം ആയിയെന്നും മുഹമ്മദ് സിറാജ് പറഞ്ഞു.

അന്ന് തന്നെ ട്രോള്‍ ചെയ്ത ആളുകള്‍ ഇപ്പോള്‍ താന്‍ മികച്ച ബൗളര്‍ ആണെന്ന് പറയുന്നുണ്ട്. എന്നാൽ തനിക്ക് ഇവരുടെ ആരുടെയും അഭിപ്രായം വേണ്ടെന്നും സിറാജ് കൂട്ടിചേര്‍ത്തു.

Exit mobile version