ലക്നൗവിനെതിരെ മികച്ച വിജയം നേടി പഞ്ചാബ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ലക്നൗ 171 റൺസ് നേടിയപ്പോള്‍ പഞ്ചാബ് ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 16.2 ഓവറിലാണ് സ്വന്തമാക്കിയത്. പഞ്ചാബിന് വേണ്ടി പ്രഭ്സിമ്രാന്‍ സിംഗ് 34 പന്തിൽ 69 റൺസ് നേടിയാണ് വിജയം എളുപ്പത്തിലാക്കിയത്. ശ്രേയസ്സ് അയ്യരും നെഹാൽ വദേരയും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.
8 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെ നഷ്ടമാകുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിൽ 26 റൺസായിരുന്നു. പിന്നീട് പ്രഭ്സിമ്രാന്‍ സിംഗ് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് 84 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. പ്രഭ്സിമ്രാന്റെ വിക്കറ്റും പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റും ദിഗ്വേഷ് രഥി ആണ് നേടിയത്.
പിന്നീട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ശ്രേയസ്സ് അയ്യരും നെഹാൽ വദേരയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 67 റൺസ് നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 30 പന്തിൽ 52 റൺസും വദേര 25 പന്തിൽ 45 റൺസും നേടി പുറത്താകാതെ നിന്നു.