കൊൽക്കത്തയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മറന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ 116 റൺസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അശ്വനി കുമാര്‍ 4 വിക്കറ്റുമായി കൊൽക്കത്തയുടെ നടുവൊടിച്ചപ്പോള്‍ രമൺദീപ് സിംഗ് നേടിയ നിര്‍ണ്ണായകമായ 22 റൺസാണ് കൊൽക്കത്തയെ 116 എന്ന സ്കോറിലേക്ക് എത്തിച്ചത്.
ആദ്യ ഓവറിൽ സുനിൽ നരൈനെ ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡ് ആക്കിയപ്പോള്‍ ക്വിന്റൺ ഡി കോക്കിനെ ദീപക് ചഹാര്‍ ഡഗ്ഔട്ടിലേക്ക് എത്തിച്ചു. 2/2 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ അംഗ്കൃഷ് രഘുവംശിയും അജിങ്ക്യ രഹാനെയും ഏതാനും ബൗണ്ടറികളുമായി 25 റൺസിലെത്തിച്ചുവെങ്കിലും തന്റെ അരങ്ങേറ്റ പന്തിൽ തന്നെ അശ്വനി കുമാര്‍ 11 റൺസ് നേടിയ അജിങ്ക്യ രഹാനെയെ പുറത്താക്കി കൊൽക്കത്തയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.
വെങ്കിടേഷ് അയ്യരുടെ ക്യാച്ച് സാന്റനറും അശ്വനി കുമാറും കൈവിട്ടുവെങ്കിലും താരത്തിന് ലഭിച്ച അവസരങ്ങള്‍ മുതലാക്കുവാന്‍ അദ്ദേഹത്തിനായില്ല. വെറും 3 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി ദീപക് ചഹാര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ കൊൽക്കത്തയുടെ 4 വിക്കറ്റാണ് നഷ്ടമായത്, നേടിയതാകട്ടേ 41 റൺസും.
26 റൺസ് നേടിയ അംഗ്കൃഷ് രഘുവംശിയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയുടെ അഞ്ചാം വിക്കറ്റും നഷ്ടമായി. പത്തോവര്‍ പിന്നിടുമ്പോള്‍ കൊൽക്കത്ത 69/5 എന്ന നിലയിലായിരുന്നു. റിങ്കു സിംഗിനെ പുറത്താക്കി അശ്വനി കുമാര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ കൊൽക്കത്ത 74/6 എന്ന നിലയിലായി. 29 റൺസ് കൂട്ടുകെട്ടിനൊടുവിൽ 17 റൺസ് നേടിയ റിങ്കു സിംഗിനെയാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
അതേ ഓവറിൽ മനീഷ് പാണ്ടേയെ പുറത്താക്കി അശ്വനി കുമാര്‍ തന്റെ അരങ്ങേറ്റം ഉഷാറാക്കി. 19 റൺസായിരുന്നു മനീഷ് പാണ്ടേ നേടിയ സ്കോര്‍. ആന്‍ഡ്രേ റസ്സലിനെ പുറത്താക്കി അശ്വനി തന്റെ നാലാം വിക്കറ്റ് നേടിയപ്പോള്‍ കൊൽക്കത്ത തകര്‍ന്നടിയുന്ന കാഴ്ചയാണ് വാങ്കഡേയിൽ കണ്ടത്. ഹര്‍ഷിത് റാണയെ വിഗ്നേഷ് പുത്തൂര്‍ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയുടെ 9ാം വിക്കറ്റ് നഷ്ടപ്പെട്ടു. പുത്തൂരിന്റെ അതേ ഓവറിൽ രമൺദീപ് സിംഗ് നൽകിയ അവസരം അശ്വനി കുമാര്‍ കൈവിടുന്നതാണ് വീണ്ടും കണ്ടത്. താരം ഇന്ന് കൈവിട്ട രണ്ടാമത്തെ ക്യാച്ചാണ് ഇത്.
അവസാന വിക്കറ്റിൽ രമൺദീപ് -സ്പെന്‍സര്‍ ജോൺസൺ കൂട്ടുകെട്ട് 17 റൺസ് നേടിയപ്പോള്‍ ഒരു റൺസായിരുന്നു ജോൺസണിന്റെ സംഭാവന. രമൺദീപ് 12 പന്തിൽ 22 റൺസ് നേടി പുറത്തായപ്പോള്‍ 16.2 ഓവറിലാണ് കൊൽക്കത്ത ഓള്‍ഔട്ട് ആയത്.