ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ വരുണ്‍ ആരോണ്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തിരിച്ചുവരവ് മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്ക്. 50 പന്തില്‍ 97 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയെ 175/6 എന്ന മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ദിനേശ് കാര്‍ത്തിക്കും ആന്‍ഡ്രേ റസ്സലും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്. അവസാന പത്തോവറില്‍ 126 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അഞ്ചാം വിക്കറ്റില്‍ 39 റണ്‍സാണ് കാര്‍ത്തിക്-റസ്സല്‍ കൂട്ടുകെട്ട് നേടിയ ശേഷം കാര്‍ത്തിക് ഒറ്റയ്ക്കാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കിയത്.
10 ഓവര്‍ പിന്നിട്ടപ്പോള്‍ 49/3 എന്ന നിലയിലേക്ക് വീണ ടീമിനെ നായകന്‍ ദിനേശ് കാര്‍ത്തിക് ആണ് മുന്നോട്ട് നയിച്ചത്. 11ാം ഓവര്‍ എറിഞ്ഞ ശ്രേയസ്സ് ഗോപാലിനെ 25 റണ്‍സ് അടിച്ച് കൊല്‍ക്കത്ത തങ്ങളുടെ തിരിച്ചുവരവിന്റെ ആദ്യ പടി വയ്ക്കുകയായിരുന്നു. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയുമാണ് ആ ഓവറില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കും സുനില്‍ നരൈനും നേടിയത്.
അടുത്ത ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്സടിച്ച് തുടങ്ങിയെങ്കിലും ഓവറില്‍ സുനില്‍ നരൈനെ റണ്ണൗട്ട് രൂപത്തില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 8 പന്തില്‍ നിന്ന് 11 റണ്‍സാണ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ന്നിറങ്ങിയ നരൈന്റെ സംഭാവന. ദിനേശ് കാര്‍ത്തിക്കിന്റെ തെറ്റില്‍ നിന്നാണ് രാജസ്ഥാന് റണ്ണൗട്ടിനുള്ള അവസരം ലഭിച്ചത്.
തുടര്‍ന്ന് കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ നൂറ് കടത്തിയെങ്കിലും റസ്സലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 14 റണ്‍സ് മാത്രമാണ് റസ്സലിനു നേടാനായത്. താരത്തിന്റെ കൈക്കുഴയുടെ പരിക്ക് താരത്തിനെ അലട്ടുന്നുണ്ടെന്ന് ഇന്നിംഗ്സിലുടനീളം വ്യക്തമായിരുന്നു. വ്യക്തിഗത സ്കോര്‍ 3ലും 13ലും നില്‍ക്കെ റസ്സലിനു രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അവസരം നല്‍കിയത് താരത്തിനു മുതലാക്കാനായില്ല. രണ്ടാം അവസരം ലഭിച്ച ശേഷം അടുത്ത പന്തില്‍ തന്നെ റസ്സലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. ഒഷെയ്ന്‍ തോമസിനാണ് വിക്കറ്റ് ലഭിച്ചത്. മൂന്നാം അവസരത്തില്‍ റിയാന്‍ പരാഗ് ആണ് റസ്സലിന്റെ വിക്കറ്റ് വീഴ്ത്തിയത്.
റസ്സല്‍ പുറത്തായപ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ 119/5 എന്ന നിലയിലായിരുന്നു. 175 റണ്‍സിലേക്ക് 20 ഓവറില്‍ ടീമിന്റെ സ്കോര്‍ എത്തിയ്ക്കുകയും ദിനേശ് കാര്‍ത്തിക്കിനു സാധിച്ചു.