മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനത്തിന് എതിരെ പറയുക പ്രയാസമാണെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. സ്റ്റാർ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് കെവിൻ പീറ്റേഴ്സൺ ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ പ്രകടനം മികച്ചതാണെന്ന് പീറ്റേഴ്സൺ പറഞ്ഞത്.
മഹേന്ദ്ര സിങ് ധോണിയുടെ കീഴിലാണ് ഇന്ത്യ 2007ൽ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയത്. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ 2010ലും 2011ലും 2018ലും ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലാണ് ധോണിയുടെ സ്ഥാനം.
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ധോണിയുടെ ശ്രമത്തിനിടെയാണ് കൊറോണ വൈറസ് മൂലം ഐ.പി.എൽ മാറ്റിവെച്ചത്.