ടീമിനായി ചെറിയ സംഭാവനകൾ ചെയ്യാൻ ആകുന്നതിൽ സന്തോഷം ഉണ്ടെന്ന് ധോണി. ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ധോണി. ഇന്ന് ധോണി അവസാനം ഇറങ്ങി 9 പന്തിൽ നിന്ന് 20 റൺസ് എടുത്ത് ചെന്നൈയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചിരുന്നു.
ഇതാണ് എന്റെ ജോലി,ഇതാണ് ഞാൻ ചെയ്യേണ്ടത്, ടീമിനായി സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ട്. ധോണി പറഞ്ഞു. തന്റെ സഹതാരങ്ങളോടെ തന്നെ അധികം ഓടിപ്പിക്കരുത് എന്നേ താൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് ധോണി തമാശയോടെ പറഞ്ഞു. ഇന്ന് ഞങ്ങൾ ഉയർത്തിയത് നല്ല സ്കോർ ആണോ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ബൗളർമാർ അവരുടെ മികച്ച പന്തുകൾ എറിയണമെന്നും എന്നാൽ ഓരോ പന്തിലും വിക്കറ്റുകൾക്കായി നോക്കരുതെന്നും ഞാൻ പറഞ്ഞു. അപ്പോഴാണ് നിങ്ങൾ നന്നായി ബൗൾ ചെയ്യാതെ തുടങ്ങുന്നത്. ധോണി പറഞ്ഞു.
166-170 നല്ല സ്‌കോർ ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾക്ക് ഇതിനേക്കാൾ നല്ല പ്രകടനം നടത്താൻ കഴിയും. മോയിനും ജദ്ദുവിനും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് നല്ലതാണ്. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഇത് പ്രധാനമാണ്. ധോണി പറഞ്ഞു.
ഗെയ്ക്വാദ് ശരിക്കും നന്നായി ബാറ്റ് ചെയ്യുന്നു, അവൻ വളരെ അനായാസമാണ് ബാറ്റു ചെയ്യുന്നത്. കളിയെക്കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ട്. അപൂർവമായേ അത്തരത്തിലുള്ള ആളുകളെ ലഭിക്കൂ. ധോണി പറഞ്ഞു.