ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയതോടെയാണ് അപൂർവ നേട്ടം ദേവ്ദത്ത് പടിക്കൽ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം തന്റെ ആദ്യ 4 മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ നേടിയത്.
ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 45 പന്തിൽ 63 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ വിരാട് കോഹ്‌ലിയുമൊത്ത് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്ക്‌വഹിച്ചിരുന്നു. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. നിലവിൽ ഈ സീസണിലെ നാല് ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് ദേവ്ദത്ത് പടിക്കൽ 174 റൺസാണ് സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ ആദ്യ മത്സരത്തിൽ 56 റൺസും മുംബൈ ഇന്ത്യൻസിനെതിരെ 54 റൺസും ദേവ്ദത്ത് പടിക്കൽ പടിക്കൽ നേടിയിരുന്നു.













