റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം സെറ്റായ ബാറ്റ്സ്മാന്മാര് പുറത്തായെങ്കിലും നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ നിന്ന് 36 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനം ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയ്ക്ക് മികച്ച സ്കോര്‍ നേടി നല്‍കിയത്. 3.3 ഓവറില്‍ 35 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഡല്‍ഹിയ്ക്ക് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 10 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ പൃഥ്വി ഷായെയാണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.
രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുമായി ധവാനും ശ്രേയസ്സ് അയ്യരും ഒത്തുകൂടിയപ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. 37 പന്തില്‍ നിന്ന് ധവാന് 50 റണ്‍സ് നേടി ചഹാലിനു വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു. എന്നാല്‍ ധവാനെയും പന്തിനെയും ശ്രേയസ്സ് അയ്യരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി റോയല്‍ ചലഞ്ചേഴ്സ് സ്പിന്നര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ധവാന്റെയും പന്തിന്റെയും വിക്കറ്റ് ചഹാല്‍ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. 37 പന്തില്‍ 52 റണ്‍സാണ് ശ്രേയസ്സ് അയ്യരുടെ സംഭാവന.
ഇന്നിംഗ്സ് അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍ നേടാനാകില്ലെന്ന് തോന്നിപ്പിച്ചുവെങ്കിലും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും അവസാന ഓവറുകളില്‍ നേടിയ വലിയ ഷോട്ടുകളുടെ ബലത്തില്‍ ഡല്‍ഹി 187 റണ്‍സിലേക്ക് എത്തുകയായിരുന്നു. 19 പന്തില്‍ നിന്ന് 46 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.
റൂഥര്‍ഫോര്‍ഡ് 13 പന്തില്‍ 28 റണ്‍സും അക്സര്‍ പട്ടേല്‍ 9 പന്തില്‍ നിന്ന് 16 റണ്‍സും നേടിയാണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.