ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 152 റണ്‍സ്. ടോപ് ഓര്‍ഡറില്‍ ദേവ്ദത്ത് പടിക്കലിന്റെ അര്‍ദ്ധ ശതകത്തിന് അത്ര വേഗതയില്ലായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ എബി ഡി വില്ലിയേഴ്സും ശിവം ഡുബേയും ചേര്‍ന്നാണ് ബാംഗ്ലൂരിനെ 152/7 എന്ന സ്കോറിലേക്ക് എത്തിച്ചത്.
അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ ജോഷ് ഫിലിപ്പേയെ നഷ്ടമായ റോയല്‍ ചലഞ്ചേഴ്സിന്റെ സ്കോര്‍ ബോര്‍ഡില്‍ അപ്പോള്‍ വെറും 25 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 57 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയതെങ്കിലും സ്കോറിംഗിന് അത്ര വേഗതയില്ലായിരുന്നു.
രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലും റണ്‍സ് വിട്ട് നല്‍കാതെയാണ് പന്തെറിഞ്ഞത്. അശ്വിന്‍ തന്റെ നാലോവറില്‍ 18 റണ്‍സ് മാത്രം നല്‍കി കോഹ്‍ലിയുടെ വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ 30 റണ്‍സാണ് വിട്ട് നല്‍കിയത്. വ്യക്തിഗത സ്കോര്‍ 13ല്‍ നില്‍ക്കവെ അക്സറിന്റെ ഓവറില്‍ കോഹ്‍ലിയുടെ ക്യാച്ച് നോര്‍ക്കിയ കൈവിട്ടപ്പോള്‍ താരത്തിന് വിക്കറ്റ് ലഭിയ്ക്കാതെ പോയി. താരത്തിന്റെ അടുത്ത ഓവറില്‍ കോഹ്‍ലി സിക്സര്‍ പറത്തിയെങ്കിലും താരം അധികം സമയം ക്രീസില്‍ നില്‍ക്കാതെ പോയത് ഡല്‍ഹിയ്ക്ക് തുണയായി.
ഇതിനിടെ 40 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി ദേവ്ദത്ത് പടിക്കല്‍ തന്റെ ടൂര്‍ണ്ണമെന്റിലെ നാലാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. എന്നാല്‍ ടൈം ഔട്ടിന് ശേഷം ഒരേ ഓവറില്‍ ദേവ്ദത്ത് പടിക്കലിനെയും ക്രിസ് മോറിസിനെയും പുറത്താക്കി ആന്‍റിക് നോര്‍ക്കിയ ബാംഗ്ലൂരിന് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു.
ഡാനിയേല്‍ സാംസ് എറിഞ്ഞ 18ാം ഓവറില്‍ ആര്‍സിബി രണ്ട് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 17 റണ്‍സ് നേടിയപ്പോള്‍ ഒരു സിക്സും ഫോറും നേടിയത് ശിവം ഡുബേയായിരുന്നു. റബാഡ എറിഞ്ഞ 19ാം ഓവറില്‍ 11 റണ്‍സ് പിറന്നുവെങ്കിലും ശിവം ഡുബേയുടെ വിക്കറ്റ് നേടുവാന്‍ ഡല്‍ഹിയ്ക്കായി. 11 പന്തില്‍ നിന്ന് 17 റണ്‍സാണ് ഡുബേ നേടിയത്.
അവസാന ഓവറില്‍ സ്ട്രൈക്ക് നിലനിര്‍ത്തുവാനുള്ള ശ്രമത്തിനിടെ എബിഡിയും റണ്ണൗട്ട് ആകുകയായിരുന്നു. 21 പന്തില്‍ നിന്ന് 35 റണ്‍സാണ് എബി ഡി വില്ലിയേഴ്സ് നേടിയത്.