ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെ 162 റൺസിലൊതുക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒരു ഘട്ടത്തിൽ 150 കടക്കില്ലെന്നാണ് കരുതിയതെങ്കിലും ഏഴാം വിക്കറ്റിൽ ട്രിസ്റ്റന്‍ സ്റ്റബ്സും വിപ്‍രാജ് നിഗവും ചേര്‍ന്ന് നേടിയ 38 റൺസാണ് ഡൽഹിയുടെ സ്കോര്‍ 162 റൺസിലെത്തിച്ചത്.
അഭിഷേക് പോറെൽ പതിവ് പോലെ മികച്ച തുടക്കം ഡൽഹിയ്ക്ക് നൽകിയെങ്കിലും മറുവശത്ത് ഫാഫ് ഡു പ്ലെസി റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി. 3.4 ഓവറിൽ അഭിഷേക് പോറെൽ പുറത്താവുമ്പോള്‍ 33 റൺസാണ് ഡൽഹി നേടിയത്. 11 പന്തിൽ 28 റൺസാണ് പോറെൽ നേടിയത്. താരത്തെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ കരുൺ നായരെയും ഡൽഹിയ്ക്ക് വേഗത്തിൽ നഷ്ടമായി.
6 ഓവര്‍ പിന്നിടുമ്പോള്‍ 52 റൺസാണ് ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 22 റൺസ് നേടിയ ഫാഫിനെ നഷ്ടമാകുമ്പോള്‍ 72 റൺസാണ് ഡൽഹി നേടിയത്. രാഹുലിന് കൂട്ടായി അക്സര്‍ പട്ടേൽ എത്തിയപ്പോള്‍ ഡൽഹി 100 കടന്നു.
ഡൽഹിയുടെ അവസാന പ്രതീക്ഷയായ കെഎൽ രാഹുലിനെയും അശുതോഷ് ശര്‍മ്മയെയും ഒരേ ഓവറിൽ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ സമ്മര്‍ദ്ദം ഇരട്ടിയാക്കി. 39 പന്തിൽ 41 റൺസാണ് കെഎൽ രാഹുല്‍ നേടിയത്.
ഏഴാം വിക്കറ്റിൽ ട്രിസ്റ്റന്‍ സ്റ്റബ്സും വിപ്‍രാജ് നിഗവും ചേര്‍ന്ന് നേടിയ 38 റൺസാണ് ഡൽഹിയുടെ സ്കോര്‍ 162 റൺസിലെത്തിച്ചത്.. 12 റൺസ് നേടിയ വിപ്‍രാജ് നിഗം റണ്ണൗട്ടായപ്പോള്‍ അതേ ഓവറിൽ 18 പന്തിൽ 34 റൺസ് നേടിയ ട്രിസ്റ്റ്യന്‍ സ്റ്റബ്സിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.