രണ്ട് റണ്ണൗട്ടുകളോടെ അഞ്ച് പന്തിൽ രാജസ്ഥാന്റെ ഇന്നിംഗ്സ് 11 റൺസിൽ സൂപ്പര്‍ ഓവറിൽ അവസാനിച്ചപ്പോള്‍ 4 പന്തിൽ വിജയം കൈവരിച്ച് ഡൽഹി ക്യാപിറ്റൽസ്. 3 പന്തിൽ 9 റൺസ് നേടുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും അടുത്ത രണ്ട് പന്തിൽ രണ്ട് റണ്ണൗട്ടുകള്‍ ടീമിനെ വേണ്ടത്ര റൺസ് നേടുന്നതിൽ നിന്ന് തടയുകയായിരുന്നു.
സൂപ്പര്‍ ഓവറിലെ ദൗത്യം ഡൽഹി മിച്ചൽ സ്റ്റാര്‍ക്കിനാണ് നൽകിയത്. റിയാന്‍ പരാഗും ഷിമ്രൺ ഹെറ്റ്മ്യറും ക്രീസിൽ ബാറ്റിംഗിനെത്തിയപ്പോള്‍ ആദ്യ പന്തിൽ റണ്ണൊന്നും പിറന്നില്ല. രണ്ടാം പന്തിൽ ഹെറ്റ്മ്യര്‍ ബൗണ്ടറിയും മൂന്നാം പന്തിൽ സിംഗിളും നേടി. നാലാം പന്തിൽ സ്റ്റാര്‍ക്ക് ലൈന്‍ നോ എറിഞ്ഞപ്പോള്‍ റിയാന്‍ പരാഗ് പന്ത് അതിര്‍ത്തി കടത്തി. എന്നാൽ ഫ്രീ ഹിറ്റ് മുതലാക്കുവാന്‍ പരാഗിനായതുമില്ല താരം റണ്ണൗട്ട് കൂടിയായി. അടുത്ത പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായപ്പോള്‍ ഒരു പന്ത് അവശേഷിക്കെ രാജസ്ഥാന് നേടാനായത് 11 റൺസ്.
കെഎൽ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഡൽഹിയ്ക്കായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ സന്ദീപ് ശര്‍മ്മയാണ് രാജസ്ഥാന്റെ ബൗളിംഗ് ദൗത്യം ഏറ്റെടുത്തത്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും രാഹുല്‍ നേടിയപ്പോള്‍ മൂന്നാം പന്തിൽ സിംഗിള്‍ നേടി സ്ട്രൈക്ക് താരം സ്റ്റബ്സിന് നൽകി. നാലാം പന്ത് സിക്സര്‍ പറത്തി സ്റ്റബ്സ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു.