ഇന്ന് സ്പിൻ ബൗളിംഗിലൂടെ രാജസ്ഥാൻ റോയൽസിനെ വിറപ്പിക്കാൻ അഭിഷേക് ശർമ്മക്ക് ആയിരുന്നു. ഈ സീസണിൽ ഇതിനു മുമ്പ് ആകെ 3 ഓവർ മാത്രം എറിഞ്ഞ അഭിഷേകിനെ ഒരു സർപ്രൈസ് സ്പിന്നർ ആയാണ് കമ്മിൻ ഇന്ന് ഉപയോഗിച്ചത്. ഇന്ന് നാല് ഓവർ എറിഞ്ഞ അഭിഷേക് 24 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. സഞ്ജുവിന്റെയും ഹെറ്റ്മയറിന്റെയും വിക്കറ്റുകൾ ആയിരുന്നു അഭിഷേക് വീഴ്ത്തിയത്. ഇന്നാകും താൻ ഇങ്ങനെ മുഴുവൻ ഓവറുകളും എറിയേണ്ടി വരിക എന്ന് അറിയില്ലായിരുന്നു എന്ന് അഭിഷേക് മത്സര ശേഷം പറഞ്ഞു. ക്യാപ്റ്റൻ കമ്മിൻസിന്റെ തീരുമാനം ആണ് ഇതെന്നും കമ്മിൻസ് ഇന്ന് സ്പിന്നർമാരെ നന്നായി ഉപയോഗിച്ചു എന്നും അഭിഷേക് പറഞ്ഞു.
“സത്യം പറഞ്ഞാൽ, താൻ നാല് ഓവറും ബൗൾ ചെയ്യേണ്ടി വരിക ഈ വലിയ മത്സരമായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഞാൻ തയ്യാറായിരുന്നു. ഞാൻ എൻ്റെ ബൗളിംഗിൽ നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.” അഭിഷേക് പറഞ്ഞു.
“കഴിഞ്ഞ 2 വർഷമായി ഞാൻ നന്നായി ബാറ്റ് ചെയ്യുന്നു, പക്ഷേ എൻ്റെ ബൗളിംഗിലാണ് എനിക്ക് കൂടുതൽ മെച്ചപ്പെടുത്താനായി പണിയെടുക്കേണ്ടി വന്നത്, ഞാൻ എൻ്റെ അച്ഛനോടൊപ്പം ബൗളിംഗ് പരിശീലിച്ചു.” അഭിഷേക് തുടർന്നു.
“ഞങ്ങൾ ബാറ്റ് ചെയ്യുമ്പോൾ അത് (പിച്ച്) വേഗത്തിലായിരുന്നു, രണ്ടാം ഇന്നിംഗ്സിൽ അത് ടേൺ ചെയ്യാൻ തുടങ്ങി, പാറ്റ് കമ്മിൻസ് സ്പിന്നർമാരെ നന്നായി ഉപയോഗിച്ചു. എല്ലാ പരിശീലന സെഷനുകളിലും ഞാൻ ചെലുത്തിയ സമ്മർദ്ദമാണ് അദ്ദേഹം ഇന്ന് എനിക്ക് ബൗളിംഗ് നൽകാൻ കാരണം..” അഭിഷേക് പറഞ്ഞു.