ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ് ഇലവൻ പഞ്ചാബിന് 171 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നേടിയ കിംഗ്സ് ഇലവൻ പഞ്ചാബ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാൻ ചെന്നൈക്കായി. ഡുപ്ലെസിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. 55 പന്തിൽ ആറ് സിക്സറുകളും പത്ത് ബൗണ്ടറിയുമുൾപ്പെടെ 96 റൺസാണ് താരം നേടിയത്.
ഡുപ്ലെസിസിന് മികച്ച പിന്തുണ നൽകാൻ സുരേഷ് റെയിനയ്ക്ക് സാധിച്ചു. 53 റൺസാണ് സുരേഷ് റെയ്ന ചെന്നൈക്കായി നേടിയത്. സാം കറന്റെ മികച്ച പ്രകടമാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് തുണയായത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡുപ്ലെസിസിന്റെ അടക്കം 3 വിക്കറ്റുകൾ വീഴ്ത്താൻ കറനായി.
സുരേഷ് റെയ്നയുടേയും വാട്ട്സണിന്റേയും വിക്കറ്റുകൾ വീഴ്ത്തിയത് സാം കറനാണ്. പഞ്ചാബ് നിരയിൽ മൊഹമ്മദ് ഷമി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ അശ്വിൻ നാലോവറിൽ 23 റൺസ് മാത്രം വിട്ടുനൽകി ചെന്നൈയുടെ കുതിപ്പിന് തടയിടുകയും ചെയ്തു. ജാഥവ് പൂജ്യത്തിന് മടങ്ങിയപ്പോൾ വാട്ട്സൺ 7 റൺസും റായിഡു 1 റൺസുമെടുത്തു പുറത്തായി. ധോണിയും (10) ബ്രാവോയും (1) പുറത്താവാതെ നിന്നു.